വയലാറില്‍ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി; വീടുകള്‍ തകര്‍ത്തു

Monday 2 February 2015 9:58 pm IST

ചേര്‍ത്തല: സിപിഎം ഗുണ്ടാ വിളയാട്ടം വീണ്ടും, നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിപ്പൊളിച്ചു. ഒരു സ്ത്രീക്ക് പരിക്ക്. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കടപ്പള്ളി വീട്ടില്‍ അമ്മിണി (68)യെയാണ് പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പറാശേരി വേണുഗോപാല്‍, ചക്കുവെളി ഉണ്ണി, കണ്ടാരപ്പള്ളി ശരത്, ഏഴാം വാര്‍ഡ് കാട്ടിത്തറ സുമതി എന്നിവരുടെ വീടുകളാണ് ആക്രമണത്തില്‍ തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. വേണുഗോപാലിന്റെ വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ച നിലയിലാണ്. മുഴുവന്‍ ജനല്‍ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. വീടിനു മുന്നില്‍ വച്ചിരുന്ന ഇരുചക്ര വാഹനവും തകര്‍ത്ത നിലയിലാണ്. വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാന്‍ ശ്രമിച്ച ഇവര്‍ വീട്ടുപകരണങ്ങളും, ചെടിച്ചട്ടികളുമെല്ലാം നശിപ്പിച്ചു. ആദ്യം അക്രമികള്‍ എത്തിയത് കടപ്പള്ളി അമ്മിണിയുടെ വീട്ടിലാണ്. അമ്മിണിയുടെ കൊച്ചുമകനും ആര്‍എസ് എസ് പ്രവര്‍ത്തകനുമായ ഉണ്ണിയെ അന്വേഷിച്ചെത്തിയ സംഘം അമ്മിണിയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. മറ്റ് മൂന്നു വീടുകളുടെയും ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വീടുകള്‍ തല്ലിത്തകര്‍ത്തത്. പതിനഞ്ചോളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി തന്നെയാണ് ഇവിടെയും നേതൃത്വം നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതിയെ പോലീസ് ജീപ്പില്‍ നിന്ന് കടത്തിയത് വിവാദമായിരുന്നു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നു മാസത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് അക്രമത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വയലാറില്‍ ശാഖയ്ക്ക് പോകുന്നവരെ കേസിലെ പ്രതികള്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ചേര്‍ത്തല സിഐ: നവാസ്, എസ്‌ഐ: ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.