മാണി രാജിവയ്ക്കണം: സദാനന്ദ ഗൗഡ

Monday 2 February 2015 10:37 pm IST

കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് കേന്ദ്ര നിയമ-നീതിന്യായ മന്ത്രി ഡി.ബി. സദാനന്ദഗൗഡ. മള്ളിയൂര്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ധാര്‍മ്മികതയുടെ പേരില്‍ രാജിവയ്ക്കുകയാണുചിതം. സമൂഹത്തെ ധാര്‍മ്മികത പഠിപ്പിക്കുന്ന രാഷ്ട്രീയനേതാക്കള്‍ സ്വന്തം ജീവിതത്തിലും അത് പ്രവര്‍ത്തികമാക്കണം. ഉന്നതസ്ഥാനത്തിരിക്കുന്ന രാഷ്ട്രീയക്കാര്‍ മറ്റുള്ളവരെ ധാര്‍മ്മികത പഠിപ്പിക്കും. പക്ഷേ സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നതസ്ഥാനീയരാര്‍ രാഷ്ട്രീയസ്ഥാനമാനങ്ങളില്‍ നിന്നും സ്വയം ഒഴിഞ്ഞു നില്‍ക്കുന്നതാണ് ഉചിതം. പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്റെ സര്‍ക്കാര്‍ തീര്‍ച്ചയായും പ്രാദേശിക താല്‍പര്യംകൂടി കണക്കിലെടുക്കുമെന്ന് ആറന്മുളവിമാനത്താവളവുമായി ബന്ധപ്പെട്ടചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. ഘര്‍വാപസിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മതപരിവര്‍ത്തനം, ഘര്‍വാപസി തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല. ഇതുസംബന്ധിച്ച് ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് സംസ്ഥാന സര്‍ക്കാരാണ് കൈകാര്യം ചെയ്യേണ്ടത്, കേന്ദ്രസര്‍ക്കാരല്ല.മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മ്മാണത്തിന് ആര് തയ്യാറായാലും കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്യും. ജയന്തി നടരാജന്‍ ഇതുവരെ ബിജെപിയില്‍ ചേരാന്‍ അപേക്ഷ തരികയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ലെന്ന് ബിജെപി പ്രസിഡന്റുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സദാനന്ദഗൗഡ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.