മയക്കുമരുന്ന് കേസ്: പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി; നടന്‍ ഷൈന്‍ ചാക്കോ മൂന്നാം പ്രതി

Tuesday 3 February 2015 12:52 pm IST

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘത്തിന്റെ ചുമതലയുള്ള എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.ടി. സുരേഷ്‌കുമാര്‍ അപേക്ഷ നല്‍കിയത്. യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രതികളുടെ പക്കലുണ്ടായിരുന്ന കൊക്കെയിനിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നു കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഷൈനിനൊപ്പം അറസ്റ്റിലായ മോഡലുകളിലൊരാളായ കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമിയാണ് ഒന്നാംപ്രതി. പോലീസ് ഫ്ളാറ്റ് റെയ്ഡ് ചെയ്യുമ്പോള്‍ രേഷ്മയുടെ കൈയില്‍ നിന്ന് ഏഴു ഗ്രാം കൊക്കെയ്ന്‍ പോലീസ് കണ്ടെടുത്തിരുന്നു. സഹസംവിധായികയായ ബ്ളെസി സില്‍വസ്റ്റര്‍ രണ്ടാം പ്രതിയും മോഡലുകളായ ടിന്‍സി, സ്നേഹ എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. അറസ്റ്റിലായവരെല്ലാം തന്നെ ലഹരി മരുന്നിന്റെ കാരിയര്‍മാര്‍ മാത്രമാണ്. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസ് അപേക്ഷയില്‍ പറയുന്നു. ജനുവരി 31നാണ് ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.