പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Wednesday 4 February 2015 1:44 am IST

ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 2.42 രൂപയും ഡീസല്‍ വില 2.25 രൂപയും വെട്ടിക്കുറച്ചു. ഇതോടെ പെട്രോള്‍വില ലിറ്ററിന് 60 രൂപയ്ക്കും ഡീസല്‍ വില 50 രൂപയ്ക്കും താഴെയായി. കഴിഞ്ഞ ആഗസ്റ്റിനു ശേഷം പെട്രോള്‍ വില ഇത് പത്താമതു തവണയും ഒക്‌ടോബറിനു ശേഷം ഡീസല്‍ വില ആറാമതു തവണയുമാണ് കുറച്ചത്. പുതിയ വില ഇന്നലെ അര്‍ദ്ധരാത്രി തന്നെ നിലവില്‍ വന്നു. പുതിയ വില: ദല്‍ഹി-പെട്രോള്‍ 56.49 രൂപ(പഴയവില: 58.91) ഡീസല്‍ പുതിയ വില 46.01 (പഴയവില 48.26) ജനുവരി 16നാണ് ഇതിനു മുന്‍പ് ഇവയുടെ വില കുറച്ചത്. അന്താരാഷ്ട്ര വില കുറഞ്ഞതിനനുസരിച്ചാണ് ഇവയുടെ ആഭ്യന്തരവിലയും കുറച്ചത്. അന്ന് ഇവയുടെ വില നാലു രൂപയിലേറെ കുറച്ചെങ്കിലും രണ്ടു രൂപ വീതം എക്‌സൈസ് തീരുവ കൂട്ടിയിരുന്നു. അതിനാല്‍ രണ്ടര രൂപയോളമേ വിലകുറഞ്ഞിരുന്നുള്ളൂ. മോദി സര്‍ക്കാര്‍ വന്നശേഷം പെട്രോള്‍ വില പതിനഞ്ചു രൂപയോളവും ഡീസല്‍ വില ഒന്‍പതര രൂപയോളവുമാണ് കുറഞ്ഞത്. ഒക്‌ടോബര്‍ 18നാണ് ഡീസല്‍ വില കഴിഞ്ഞ അഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായി കുറച്ചത്. അന്ന് 3.37 രൂപയാണ് കുറഞ്ഞത്. 2010 സപ്തംബറിലേതിന് ഏറെക്കുറെ തുല്യമാണ് ഇപ്പോഴത്തെ പെട്രോള്‍ വില. 2010ല്‍ 55.87 രൂപയായിരുന്നു ദല്‍ഹി വില. ഡീസല്‍ വില ഏറെക്കുറെ 2012ലേതിനു തുല്യമാണ്. 46.95 ആയിരുന്നു അന്ന് ദല്‍ഹിയിലെ ഡീസല്‍ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.