ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍

Wednesday 4 February 2015 12:45 pm IST

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസ് വിവാദത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെ പരസ്യമായി ശാസിക്കണമെന്ന് അദ്ദേഹം മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രിയെ മറികടന്ന് മാധ്യമങ്ങളിലൂടെ ഗെയിംസ് നടത്തിപ്പിനെ ചീഫ് സെക്രട്ടറി വിമര്‍ശിച്ചത് ശരിയായില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തും അനുചിതമാണ്. ഗെയിംസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന സന്ദേശമാണ് ചീഫ് സെക്രട്ടറി നല്‍കിയത്. സംഘാടനത്തെ കുറിച്ചോ മറ്റോ അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നെങ്കില്‍ വകുപ്പ് മന്ത്രിയായ തന്നെയോ അല്ലെങ്കില്‍ മഖ്യമന്ത്രിയെയോ അറിയിക്കാമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവന നടത്തി നാണക്കേട് ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. ചീഫ് സെക്രട്ടറിയുടെ പ്രസ്താവന ഗെയിംസിനു മാത്രമല്ല സര്‍ക്കാരിനൊന്നാകെ ക്ഷീണമായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജിജി തോംസണ്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ പ്രസ്താവന അതിരുകടന്നതായി പോയെന്ന് മറ്റു മന്ത്രിമാരും അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തിലുള്ള അതൃപ്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പ് ജിജി തോംസണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, ഡല്‍ഹിയിലെ പ്രവര്‍ത്തനശൈലി പിന്തുടര്‍ന്നായിരുന്നു സംസാരിച്ചതെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി. അതിനാലാണ് മാധ്യമങ്ങളെ കണ്ടത്. സദുദ്ദേശ്യത്തോടെയാണ് പ്രതികരിച്ചതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.