മോഹന്‍ലാലില്‍ നിന്നും സര്‍ക്കാര്‍ പണം തിരികെ വാങ്ങില്ല

Wednesday 4 February 2015 2:32 pm IST

തിരുവനന്തപുരം: ലിലിസത്തിന്റെ പണം മോഹന്‍ലാലിനോട് തിരിച്ചുവാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പണം തിരിച്ചുവാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസിന് ചേര്‍ന്നതല്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ സര്‍ക്കാരിന് ഖേദമുണ്ടെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി. പണം തിരിച്ച് വാങ്ങുന്നത് ധാര്‍മ്മികതയല്ല. താന്‍ കൂടി നേരിട്ടാണ് മോഹന്‍ലാലിനെ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ പണം സര്‍ക്കാരിന് തിരികെ നല്‍കി. സ്പീഡ് പോസ്റ്റ് വഴി ചെക്ക് സിഇഒക്ക് അയച്ച് കൊടുക്കുകയായിരുന്നു. 1 കോടി 60 ലക്ഷം രൂപയാണ് തിരിച്ചു നല്‍കിയത്. മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കുമെന്ന് മോഹന്‍‌ലാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ലാലിനെ പിന്തുണച്ച് സിനിമാ ലോകവും രംഗത്തെത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കനത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. മൂന്ന് ദിവസം മുന്‍പ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ജിജി തോംസണ്‍ പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗമാണ് ഇന്ന് നടന്നത്. ഗെയിംസിനെതിരേ വിമര്‍ശനം ഉന്നയിച്ച ചീഫ് സെക്രട്ടറി ജിജി തോംസണെ പരസ്യമായി ശാസിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇനി മാധ്യമങ്ങളെ കാണുന്നതിന് മുഖ്യമന്ത്രി അടക്കമുള്ള ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങിയിരിക്കണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നിലപാടുകളെ മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ വീഴ്ചയെക്കുറിച്ച് സംസാരിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ആരെയും അപകീര്‍ത്തിപ്പെടുത്തണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല. ദല്‍ഹിയിലെ തന്റെ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം അംഗീകരിക്കാന്‍ തിരുവഞ്ചൂര്‍ തയാറായില്ല. ചൊവ്വാഴ്ച ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് സെക്രട്ടറി ഗെയിംസിനെതിരേ സംസാരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ വീഴ്ചയുണ്ടായെന്നും സമാപന ചടങ്ങില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. ചെലവ് ചുരുക്കി ഒന്നര മണിക്കൂര്‍ മാത്രമുള്ള സമാപടന ചടങ്ങാവും സംഘടിപ്പിക്കുക എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.