സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ശ്രമം

Wednesday 4 February 2015 9:48 pm IST

തിരുവല്ല: മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ നിയമന നിരോധനത്തിന്റെ മറവില്‍ സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം. പിഎസ്സ്‌സി പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക്‌ലിസ്റ്റില്‍ നിന്നും നിയമനം നടത്താതെ താല്കാലികജീവനക്കാരെ നിയമിച്ചാണ് നിയമനം അട്ടിമറിക്കുന്നത്. ഇതിനായി നിയമന നിരോധനം സംസ്ഥാനത്ത് നിലനില്‍ക്കുന്നുവെന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് തെറ്റിദ്ധരിപ്പിക്കാനും നീക്കമുണ്ടായി. 2007ല്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ നിയമനനിരോധനം നിലനില്‍ക്കുന്നതിനാല്‍ സ്ഥിരനിയമനം നടത്താന്‍ കഴിയില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ വാദം. എന്നാല്‍ സപ്ലൈകോ കേന്ദ്രകാര്യാലയം 2009ല്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 1419 ഒഴിവുകളുള്ളത്. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഈ ഒഴിവുകളിലേക്ക് നിയമനം നടത്താത്തത് ചോദ്യംചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ ഈ ജനുവരിയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സപ്ലൈകോ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ഈ തസ്തികയില്‍ കരാര്‍നിയമനം നടത്തിയിട്ടില്ലെന്നാണ്. ഉത്സവത്തിനോ, മറ്റ് തിരക്കുള്ള സാഹചര്യങ്ങളിലോ പായ്ക്കിംഗിനായി വില്പനകേന്ദ്രങ്ങളില്‍ ദിവസവേതനത്തിന് ചിലരെ നിയമിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കോര്‍പറേഷന്‍ തന്നെ നല്‍കിയ വിവരാവകാശ രേഖയില്‍ മലപ്പുറം ജില്ലയില്‍മാത്രം 195 താല്‍കാലിക ജീവനക്കാര്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നതായി പറയുന്നു. കോട്ടയത്ത് 18 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഒഴികെ ബാക്കിയുള്ളതെല്ലാം താല്കാലിക ജീവനക്കാരാണ്. ഈ ഒഴിവുകളൊന്നും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അനധികൃത നിയമനങ്ങള്‍ നടത്തി ഇടനിലക്കാര്‍ മുഖേന ഉദ്യോഗസ്ഥര്‍ പണം പറ്റുന്നതായും ആരോപണമുണ്ട്. സിവില്‍ സ്‌പ്ലൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ കക്ഷിനേതാക്കളും ഇതിന്റെ ദല്ലാളന്മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പില്‍ നിയമന നിരോധനം നിലനിര്‍ത്തിയിരിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.