സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Wednesday 4 February 2015 9:48 pm IST

ആലപ്പുഴ: പട്ടിജാതി വികസന വകുപ്പിന്റെ കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവര്‍ത്തന രീതി ഉടച്ചുവാര്‍ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കെ.കെ. വിനോമ്മയും ഇ.പി. ബാബുരാജും സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം കമ്മീഷന്റെ മുഖ്യ അനേ്വഷണോദേ്യാഗസ്ഥന്‍ ഐജി: എസ്. ശ്രീജിത്ത് അനേ്വഷണം നടത്തിയിരുന്നു. മൂന്നുമാസത്തിലൊരിക്കല്‍ പിടിഎ യോഗം നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാസത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് രോഗ പരിശോധന നടത്തണം. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. വേനലവധി സമയത്ത് സാനിറ്റേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കണം. അട്ടപ്പാടിയില്‍ നിന്നും വയനാട്ടില്‍ നിന്നും സ്‌കൂളിലെത്തുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് സ്‌കൂള്‍ ഹോസ്റ്റലില്‍ തന്നെ താമസസൗകര്യം ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിനും സ്‌കൂളിനുമിടയില്‍ മതില്‍ നിര്‍മ്മിക്കണമെന്നും ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രതേ്യകം വഴി നിര്‍മ്മിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. സ്‌കൂളിലെ ഫര്‍ണിച്ചറുകളും ജനാലകളിലുമുള്ള തകരാര്‍ പരിഹരിക്കണം. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ക്ക് ശുചിമുറി സൗകര്യം ഒരുക്കണം. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വസ്ത്രം അലക്കാന്‍ കൂടുതല്‍ അലക്കുകല്ലുകളും പൈപ്പ് ടാപ്പുകളും സ്ഥാപിക്കണം. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ റസിഡന്റ് ട്യൂട്ടറെ നിയമിക്കണം. പുറത്തു നിന്നുളളവര്‍ ഹോസ്റ്റലില്‍ അതിക്രമിച്ച് കടക്കാതിരിക്കാന്‍ സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവിട്ടു. പാഠ്യ വിഷയങ്ങള്‍ക്കും പാഠേ്യതര സ്ഥാപനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും ഇത്തരം കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതരും പിടിഎയും കൂടിയാലോചിച്ച് നടപ്പിലാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഉത്തരവ് പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിക്ക് അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.