കൈവെട്ടും പെരുമാളും വീരവാദവും

Wednesday 4 February 2015 9:59 pm IST

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. പ്രവാചക നിന്ദ ആരോപിച്ച് ഒരധ്യാപകന്റെ കൈ വെട്ടിയെടുക്കുക. തലവെട്ടി കൊല്ലുന്നതിനേക്കാള്‍ കിരാതവും പ്രാകൃതവുമായ കൃത്യം. അന്ന് മതേതരത്വം പറയുന്ന ഒരാളും ആ അധ്യാപകനെ പിന്തുണച്ചില്ല. മതമൈത്രി പറയുന്ന ഒരു ബുദ്ധിജീവിയും അദ്ദേഹത്തെ അനുകൂലിച്ചില്ല. വൈകാതെ സഭ അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കി. തുടര്‍ച്ചായ ആഘാതങ്ങള്‍ താങ്ങാന്‍ കഴിയാതെ അദ്ദേഹത്തിന്റെ പ്രിയപത്‌നി ജീവനൊടുക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവര്‍, കേവലം ഒരു ചോദ്യത്തിന്റെ പേരില്‍ സ്വന്തം കുടുംബത്തിന്റെ നിലനില്‍പ്പു തന്നെ ഒരു ചോദ്യമായി മാറിയ, ജോസഫെന്ന ആ അധ്യാപകനെ കണ്ടില്ല.കറിയാച്ചന്മാരും ബുദ്ധിജീവികളും ഖദര്‍ ധാരികളും ചുവപ്പന്മാരും അപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുരച്ചുകൊണ്ടിരുന്നു. പ്രവാചകന്റെ കാരിക്കേച്ചര്‍ വരച്ചെന്നാരോപിച്ച്, നമ്മുടെ കൈവെട്ടുകാരുടെ സഹോദരന്മാര്‍, തോക്കുമായി ഒരു പത്ര ഓഫീസില്‍ കടന്നു ചെന്ന് അവിടെയുണ്ടായിരുന്നവരെയങ്ങ് കൊന്നു. ഹാസ്യമാസികയുടെ എഡിറ്ററും കാരിക്കേച്ചര്‍ വരച്ചയാളും എല്ലാം വെടിയുണ്ടകളേറ്റ് മരിച്ചുവീണു. ലോകം ഞെട്ടി. വന്‍ പ്രതിഷേധങ്ങള്‍ (നമ്മുടെ രാജ്യത്ത് ഒഴിച്ച്) അരങ്ങേറി. അത്തരമൊരു കാരിക്കേച്ചര്‍ കൂടി ഒന്നാം പേജില്‍ വരച്ച് ചാര്‍ളി ഹെബ്‌ദോയെന്ന മാസിക തന്റേടം കാട്ടി. മാര്‍ക്കേസ് മരിച്ചപ്പോള്‍ എല്ലാം അവസാനിച്ചു, ഇനി ആത്മഹത്യതന്നെ വേണ്ടിവരുമെന്ന മട്ടില്‍(കടപ്പാട്: ടി. പദ്മനാഭന്‍) പ്രതികരിച്ചവര്‍ വായില്‍ വെള്ളമൊഴിച്ചിരുന്നു. ചിലര്‍ക്ക്, ആ സമയത്ത്, നേന്ത്രപ്പഴം കഴിക്കുകയായിരുന്നതിനാല്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. മുന്‍പില്‍ ഒരു ട്രാന്‍സിസ്റ്റര്‍ പിടിപ്പിച്ച പോസ്റ്റര്‍ നാട്ടിലൊക്കെയുണ്ട്. ഖാന്റെ പികെ എന്ന ഹിന്ദു വിരുദ്ധ ചിത്രത്തില്‍ ഭഗവാന്‍ പരമശിവനെ കളിയാക്കിയിട്ടുണ്ട്. അത്രയേയുള്ളു! മാത്രമല്ല നമ്മുടെ ലീലാ സാംസണ്‍ ആന്റിയുടെ സെന്‍സര്‍ ബോര്‍ഡ് അതിന് അംഗീകാരം നല്‍കിയിട്ടുമുണ്ട്. ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുമെന്ന് ലീലാന്റിക്ക് തോന്നിയില്ല. സിഖുകാരിലെ ഒരു വിഭാഗമാണ് ദേരാ. അവരുടെ ആത്മീയാചാര്യന്‍ അഭിനയിച്ച ചിത്രത്തിന് വര്‍ഗീയ പ്രശ്‌നം ഉണ്ടാകുമെന്നു കണ്ട് വിലക്ക് ഏര്‍പ്പെടുത്താനും ലീലാ സാംസണ്‍ മറന്നില്ല. എന്തൊരു ഇരട്ടത്താപ്പ്! നമ്മുടെ പത്രങ്ങളും ചാനലുകളും പി കെയ്ക്ക് എതിരെ ഉണ്ടായ രോഷത്തെ അങ്ങ് പര്‍വ്വതീകരിച്ചു. എന്നാല്‍ ലീലയുടെ കളള്ളക്കളിയെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. മാത്രമല്ല ലീലയടക്കമുള്ളവരുടെ രാജി കൊട്ടിഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇവരില്‍ പലരുടേയും ചെയ്തികളെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. മാത്രമല്ല വലിയ തുക ശമ്പളം വാങ്ങുന്ന ലീല ഓഫീസല്‍ വല്ലപ്പോഴുമാണ് വരാറുണ്ടായിരുന്നതുപോലും. കാലാവധി കഴിഞ്ഞിട്ടും അവര്‍ തുടരുകയുമായിരുന്നു. ഇതൊന്നും പത്രമാധ്യമങ്ങളും ചാനലുകളും കണ്ടതുപോലുമില്ല. ഒരു ക്ഷേത്രത്തില്‍, ഉല്‍സവത്തിന്റെ അവസാന ദിവസം വരുന്നവരെല്ലാം അനാശാസ്യത്തിനും അവിഹിതത്തിനും വരുന്നവരാണെന്നാണ് പെരുമാള്‍ മുരുകന്‍ എഴുതിപ്പിടിപ്പിച്ചത്. സ്വന്തം നാട്ടിലെ ഉല്‍സവം ആഘോഷിക്കുന്നവരില്‍ മതേതരന്മാരും ഉണ്ടല്ലോ. ഇത്തരമൊരുകഥ സ്വന്തം നാട്ടിലെ ആരാധനാലയത്തെക്കുറിച്ച് എഴുതിയാല്‍ ആര്‍ക്കും രോഷം വരില്ലേ. അത്രയുമേ ആ നാട്ടുകാര്‍ക്കും ഉണ്ടായുള്ളൂ. അവര്‍ കൈവെട്ടിയില്ല, തോക്കെടുത്തില്ല. കഥാകൃത്തിനെ അരിഞ്ഞുതള്ളാനും തുനിഞ്ഞില്ല. എതിര്‍പ്പ് പ്രകടിപ്പിച്ചു. കളക്ടറുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. മുരുകന്‍ അതോടെ എഴുത്ത് നിര്‍ത്തിയത്രേ... ഏതെങ്കിലും ഒരു വിഭാഗത്തെ അവഹേളിക്കുന്ന എഴുത്തു തന്നെ വേണമെന്ന് മുരുകന് ഇത്ര നിര്‍ബന്ധം എന്താ? ഒരു മസ്ദിജിനെപ്പറ്റിയാണ് എഴുതിയിരുന്നതെങ്കില്‍ മുരുകന്റെ അവസ്ഥ എന്താകുമായിരുന്നു. തൊടുപുഴയിലെ ജോസഫ് സാറിനോടോ ഫ്രാന്‍സിലെ ചാര്‍ളി ഹെബ്‌ദോയിലെ അവശേഷിക്കുന്ന ജീവനക്കാരോടോ ചോദിച്ചാല്‍ കൃത്യമായ ഉത്തരം ലഭിക്കും. ഒരു മതേതരനും പിന്തുണയ്ക്കുമായിരുന്നില്ല. ഒരു ബിനാലെയിലും മുരുകന്‍ വായിക്കപ്പെടുമായിരുന്നില്ല. വീരന്റെ പത്രമോ കോട്ടയത്തെ റബര്‍ പത്രമോ ചുവപ്പിന്റെ പത്രമോ കത്തോലിക്കരുടെ പത്രമോ ഒരു വരിപോലും എഴുതുമായിരുന്നില്ല. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രം നന്നായി അധ്വാനിച്ച് അക്രമികളെ ന്യായീകരിച്ച് ഒരു ലേഖനം കാച്ചിവിടുമായിരുന്നു. മാണിയെ തുടര്‍ച്ചയായി ആക്രമിച്ചാല്‍ ചാര്‍ളി ഹെബ്‌ദോയില്‍ ഉണ്ടായതുപോലുള്ള സംഭവം ഉണ്ടാകുമെന്നാണ് ഒരു ആര്‍ച്ചുബിഷപ്പ് കത്തോലിക്കാ പത്രത്തില്‍ എഴുതിയത്. പരസ്യമായ അക്രമത്തിനു തന്നെയാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഒരു പത്രവും ഇതിനെതിരെ എഴുതിക്കണ്ടില്ല. മറ്റു പത്രങ്ങളില്‍ വരുന്ന ലേഖനമെടുത്ത് ബോംബു പൊട്ടിക്കുന്ന ചാനലുകാരും ഇതേറ്റു പിടിച്ചതായി കണ്ടില്ല. ഹിന്ദുസ്ത്രീകള്‍ നാലു കുട്ടികളെ പ്രസവിക്കണക്കമെന്നു പറഞ്ഞതിന് സാക്ഷി മഹാരാജിനെ ചാനലുകളും പത്രങ്ങളും കൂടി കൊന്നുകളഞ്ഞില്ലേ. സാക്ഷി മഹാരാജോ സാധ്വി നിരഞ്ജന്‍ ജോഷിയോ അല്ലല്ലോ ബിഷപ്പുമാര്‍. അവര്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണല്ലോ.. തീര്‍ന്നില്ല. പെരുമാള്‍ മുരുകന്റേത് ആത്മനിയന്ത്രണമില്ലാത്ത എഴുത്താണെന്ന് പ്രമുഖ തമിഴ്‌സാഹിത്യകാരന്‍ സിര്‍പ്പി ബാലസുബ്രഹ്മണ്യന്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ പറഞ്ഞിരുന്നു. സാഹിത്യ അക്കാദമിയുടെ പരിപാടിക്ക് എത്തിയതാണ് അദ്ദേഹം. ആ വാര്‍ത്ത ഒരു വരിപോലും ചാനലുകളും പത്രങ്ങളും കൊടുത്തില്ല. ആ പ്രസ്താവന കുഴിച്ചു മൂടി. ആഹാ! എന്തൊരു ആവിഷ്‌കാര സ്വാതന്ത്ര്യം. വീരന്റെ ഒരധികപ്രസംഗം വീരന്റെ പത്രത്തിന്റെ മുഖപ്രസംഗ പേജിലുണ്ടായിരുന്നു. ആര്‍എസ്എസിന് ഗാന്ധിവധത്തില്‍ ഒരു പങ്കുമില്ലെന്ന് അന്വേഷണക്കമ്മീഷന്‍ പണ്ടേ കണ്ടെത്തിയിട്ടും വീരന്മാരും കറിയാച്ചന്മാരും മറ്റുമതേതര സോഷ്യലിസ്റ്റ് താത്വികാചാര്യന്മാരും കേരളത്തിലെ കോഴ വാങ്ങി കൊഴുത്ത രാഷ്ട്രീയക്കാരും എന്തും എഴുതി വിടുന്നതും പ്രസംഗിക്കുന്നതും ഒരു വശത്ത് ആര്‍എസ്എസ് ആയതുകൊണ്ടുമാത്രമാണ്. മറിച്ച് കൈവെട്ടുകാരോ തോക്കേന്തിയ കൈകളോ ആയിരുന്നെങ്കില്‍ വീരന്‍ ഒരുവരി കുറിക്കുമായിരുന്നില്ല. വ്യാജചിത്രം അതിനൊപ്പം നല്‍കുമായിരുന്നില്ല. മറിച്ചു തോന്നുന്നുണ്ടോ, വായനക്കാരാ?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.