ആര്‍എസ്എസിനെതിരെ പെരുമാള്‍ മുരുകനെ മറയാക്കുന്നവര്‍ വസ്തുതകള്‍ അവഗണിക്കുന്നു

Thursday 5 February 2015 10:37 pm IST

കൊച്ചി: പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തിയതിന്റെ ഉത്തരവാദിത്വം ആര്‍എസ്എസിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചവരുടെ കാപട്യവും പക്ഷപാതിത്വവും വെളിപ്പെടുന്നു. പെരുമാള്‍ മുരുകന്റേത് ആത്മനിയന്ത്രണമില്ലാത്ത എഴുത്തായിപ്പോയെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ സിര്‍പ്പി ബാലസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടത് മലയാളമാധ്യമങ്ങള്‍ തമസ്‌ക്കരിച്ചതോടെയാണിത്. സാമൂഹ്യസംഘര്‍ഷത്തിന് സാധ്യതയുള്ളപ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ചുവേണം സാഹിത്യകാരന്മാര്‍ എഴുത്തുമായി മുന്നോട്ടുപോകാനെന്നാണ് സിര്‍പി ബാലസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടത്. എഴുത്തുകാരനെ നിയന്ത്രിക്കാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും എഴുത്തുകാരും പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്നാണ് കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്‌സവം ഉദ്ഘാടനം ചെയ്യാനെത്തിയ സിര്‍പ്പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മാദോരുഭാഗന്‍ എന്ന നോവലിനോട് എതിര്‍പ്പുയര്‍ന്നതോടെ താന്‍ എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച പെരുമാള്‍ മുരുകനുവേണ്ടി ചില സംഘടനകളും മാധ്യമങ്ങളും നടത്തുന്ന ഏകപക്ഷീയമായ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു സിര്‍പ്പിയുടെ അഭിപ്രായപ്രകടനം. ഇക്കാരണത്താലാണ് മലയാള മാധ്യമങ്ങള്‍ അത് തമസ്‌ക്കരിച്ചത്. മുരുകന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നവര്‍ 'മാദോരുഭാഗന്‍' എന്ന നോവലിനെക്കുറിച്ചും അത് എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചുമുള്ള വസ്തുതകള്‍ ജനങ്ങളില്‍നിന്ന് മനഃപൂര്‍വം മറച്ചുപിടിക്കുകയായിരുന്നു. 2010 ല്‍ എഴുതിയ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'ഹാഫ് ഫീമെയില്‍' എന്ന പേരില്‍ 2014 ല്‍ പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. തമിഴ്‌നാട്ടിലെ  നാമക്കല്‍ ജില്ലയില്‍പ്പെടുന്ന തിരുച്ചെങ്കോഡ് ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് അത്യന്തം പ്രകോപനപരമായ പരാമര്‍ശങ്ങളാണ് നോവലിലുള്ളത്. ക്ഷേത്രത്തിലെ ഉത്‌സവത്തിനിടെ സ്ത്രീപുരുഷന്മാര്‍ ലൈംഗികവേഴ്ച നടത്താറുണ്ട് എന്നാണ് മുരുകന്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ളത്. ഇതിനെതിരെയാണ് തിരുചെങ്കോഡിലെ ചില സാമുദായിക സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയതും കളക്ടറുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നീക്കാന്‍ ധാരണയായതും. ഈ യോഗത്തില്‍ മുരുകനും പങ്കെടുത്തിരുന്നു. വാസ്തവത്തില്‍ ക്ഷേത്രവിശ്വാസത്തെ വികൃതവല്‍ക്കരിക്കാന്‍ നടത്തിയ ആസൂത്രിതമായ ശ്രമമായിരുന്നു മുരുകന്റെ നോവല്‍രചന. ഐഎഫ്എ എന്ന എന്‍ജിഒ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നര ലക്ഷത്തോളം രൂപയാണ് ഈ സംഘടന എഴുത്തിനായി മുരുകന് നല്‍കിയത്. പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു എഴുത്ത് നിര്‍ത്തുന്നതായുള്ള മുരുകന്റെ പ്രഖ്യാപനം. മുരുകന്റെ നോവലിനെതിരെ ഉയര്‍ന്ന പ്രാദേശികമായ പ്രതിഷേധത്തിന് ആര്‍എസ്എസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും പെരുമാള്‍ മുരുകനെ അറസ്റ്റുചെയ്യണമെന്നും നോവല്‍ നിരോധിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നതായി സിപിഎമ്മിന്റെ മുഖപത്രമായ 'പീപ്പിള്‍സ് ഡമോക്രസി' ലേഖനം പ്രസിദ്ധീകരിച്ചു. സത്യാവസ്ഥ അന്വേഷിക്കാതെ 'ഹിന്ദു' ദിനപത്രവും 'ഔട്ട്‌ലുക്ക്' വാരികയും ഇത് ഏറ്റുപിടിക്കുകയായിരുന്നു. ആര്‍എസ്എസിന് പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലെന്ന സംഘടനയുടെ തമിഴ്‌നാട് പ്രചാര്‍ പ്രമുഖ് എസ്. സഡഗോപന്റെ പ്രസ്താവന 'ഹിന്ദു'വില്‍തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് മന്‍മോഹന്‍ വൈദ്യയും വ്യക്തമാക്കിയിരിക്കുകയാണ്. ഇതൊക്കെ അവഗണിച്ച് മുരുകനെ പിന്തുണച്ചും ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ കയറ്റിയും പ്രചാരണം നടത്തുന്നവരാണ് സിര്‍പ്പി ബാലസുബ്രഹ്മണ്യത്തിന്റെ പ്രതികരണത്തിനുനേര്‍ക്കും കണ്ണടച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.