വെള്ളം കയറി മുങ്ങാറായ കപ്പലിനെയും ജിവനക്കാരെയും രക്ഷപ്പെടുത്തി

Thursday 5 February 2015 11:37 pm IST

കോവളം: വിഴിഞ്ഞത്ത് നിന്നും ചരക്കുമായി മാലിയിലേക്ക് പോകവെ വെള്ളം കയറി മുങ്ങാറായ  ചരക്ക് കപ്പലിനെ രക്ഷപ്പെടുത്തി വിഴിഞ്ഞം തീരത്തെത്തിച്ചു.  വിഴിഞ്ഞത് നിന്നും 198 ടണ്‍  പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളുമായി  പുറപ്പെട്ട  മിന്നത്ത് എന്ന ചരക്ക്  കപ്പലാണ് അപകടത്തില്‍ പെട്ടത്.  എന്‍ജിന്‍ റൂമിന് അടിഭാഗത്തുണ്ടായ വിള്ളലിലൂടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കപ്പല്‍   മുങ്ങുന്ന  അവസ്ഥയിലെത്തിയിരുന്നു.  രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ  തീരസംരക്ഷണ സേന, തീരദേശ പോലീസ്, മറൈന്‍ പോലീസ് തുടങ്ങി സുരക്ഷാ ഏജന്‍സികള്‍ സാഹസികമായി കപ്പിലിനേയും ജിവനക്കാരെയും രക്ഷപ്പെടുത്തുകയായിരുന്നു.  മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കപ്പലിലെ വെള്ളം പുറത്തേക്ക് അടിച്ച് കളഞ്ഞ്  കപ്പലിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമവും വിഫലമായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ എഞ്ചിന്‍ റൂമിന് അടി ഭാഗത്തിലൂടെ  വെള്ളം ഉള്ളിലേക്ക് കയറുകയായിരുന്നു.  നാട്ടുകാരായ രണ്ട് ലൈഫ്ഗാര്‍ഡുകളുടെ സേവനവും ഉപയോഗപ്പെടുത്തി. മുങ്ങല്‍ വിദഗ്ദ്ധരും സഹോദരങ്ങളുമായ ബാബു, ശിവരാജന്‍  എന്നിവരുടെ സഹകരണത്തോടെ കപ്പലിന്റെ  അടിഭാഗത്തെ വിള്ളല്‍ തടിക്കഷ്ണം ഉപയോഗിച്ച് താത്കാലികമായി അടച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം ഫലം കണ്ടത്. വെള്ളം എഞ്ചിന്റൂമില്‍ നിറഞ്ഞതോടെ കപ്പലിലെ വാര്‍ത്താവിനിമയ സംവിധാനവും മോട്ടോര്‍ പമ്പും തകരാറിലായി. കപ്പലിലെ പമ്പ് തകരാറിലായിരുന്നതിനാല്‍ തീര സംരക്ഷണ സേനയുടെ ഹൈസ്പീഡ് പമ്പുപയോഗിച്ച് വെള്ളം പുറത്തേക്ക് അടിച്ച് കളഞ്ഞശേഷം സേനയുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും ബോട്ടിന്റെ സഹായത്തോടെ ഇന്നലെ  ഉച്ചക്ക് 12.30 ഓടെ കപ്പലിനെയും അതിലെ 11 ജീവനക്കാരെയും വിഴിഞ്ഞത്ത് പഴയവാര്‍ഫിന് സമീപം പുറംകടലില്‍ എത്തിക്കുകയായിരുന്നു. കപ്പല്‍ മുങ്ങുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് കപ്പലില്‍ ഉണ്ടായിരുന്ന സാധനങ്ങളില്‍ പകുതിയും ഭാരം കുറക്കാനായി കടലില്‍ ഉപേക്ഷിച്ചുവെന്ന് കപ്പല്‍ ജീവനക്കാര്‍ പറഞ്ഞു.  മൂന്ന് കോടിയിലധികം വിലവരുന്ന കപ്പലിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് തീര സംരക്ഷണസേന  അധികൃതര്‍ പറഞ്ഞു. മാലിയിലെ മിന്‍സി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍  ആഫ്രിക്കന്‍ രാജ്യമായ പലാവുവിലെ മാലിക്കല്‍ പോര്‍ട്ടില്‍രജിസ്റ്റര്‍ ചെയ്തതാണ്. മാലിയിലേക്ക് വിഴിഞ്ഞത്ത് നിന്നും സ്ഥിരമായി ചരക്ക് കയറ്റി പോകുന്ന   കപ്പലിന്റെ കാര്‍ഗോ കൈകാര്യം ചെയ്യുന്നത് ഫിന്നിസ് ഷിപ്പിംഗ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.  ക്യാപ്റ്റന്‍  മുഹമ്മദ് ആദം, എഞ്ചിനീയര്‍ ഹുസൈന്‍ റഷീദ് എന്നിവര്‍ മാലി സ്വദേശികളും ബാക്കിയുള്ള 9 ജീവനക്കാര്‍ ഇന്ത്യക്കാരുമാണ്. കപ്പലിന്റെ കാലപ്പഴക്കമാണ് അടിഭാഗത്ത് വിള്ളലുണ്ടായി വെള്ളം കയറാന്‍ കാരണമെന്ന് കേരളത്തിന്റെ ചുമതലയുള്ള  തീര സംരക്ഷണ സേന ഡിഐജി റ്റി.കെ ചന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.