യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം; പ്രവര്‍ത്തകരെ തല്ലിച്ചതച്ചു

Thursday 5 February 2015 11:39 pm IST

വെള്ളനാട്(തിരുവനന്തപുരം): മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നരനായാട്ട്. ഇരുപതോളം നേതാക്കളെ തല്ലിച്ചതച്ചു. വെള്ളനാട്ട് ഇന്നലെ വൈകുന്നേരമാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് അക്രമം അഴിച്ചുവിട്ടത്. വെള്ളനാട് സബ്ട്രഷറിയുടെ ഉദ്ഘാടനം, കൂവക്കുടി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം, വെള്ളനാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബഹുനില മന്ദിരോദ്ഘാടനം എന്നീ ചടങ്ങുകള്‍ക്ക് മുഖ്യമന്ത്രി ഇന്നലെ വെള്ളനാട് എത്തിയിരുന്നു. ധനമന്ത്രി കെ.എം.മാണി ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. സമ്മേളനം തുടങ്ങുന്നതിനു മുമ്പ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വെള്ളനാട് ജംഗ്ഷനില്‍ നിന്ന് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലെ സമ്മേളന നഗരിയിലേക്ക് കരിങ്കൊടി പ്രകടനം നടത്തി. തികച്ചും സമാധാനപരമായി നടത്തിയ പ്രകടനത്തിനിടയിലേക്ക് പോലീസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ ജില്ലാ പ്രസിഡന്റ് മുളയറ രതീഷിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. യുവമോര്‍ച്ച കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി.വിഷ്ണുവിന്റെ തലയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നിലത്തിട്ട് തല്ലിച്ചതച്ച പോലീസ് കണ്ണില്‍ കണ്ടവരെയൊക്കെ മൃഗീയമായി മര്‍ദ്ദിച്ചു. പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദ്ദിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്പീക്കര്‍ ജി.കാര്‍ത്തികേയനും സമ്മേളന വേദിയിലേക്ക് പോകാന്‍ വഴിയൊരുക്കുകയായിരുന്നു. മന്ത്രി മാണി സമ്മേളനത്തില്‍ എത്തിയിരുന്നില്ല. അഴിമതി വീരനായ മാണിയെയും അഴിമതിക്കാരായ മന്ത്രിമാരെയും പുറത്താക്കുകയെന്ന ആവശ്യമുന്നയിച്ച് പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ യുവമോര്‍ച്ച അരുവിക്കര മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ്, ജില്ലാ വൈസ്പ്രസിഡന്റ് രജ്ജിത്ത്, ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, സെക്രട്ടറി സതീഷ്, വെള്ളനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്‍.രാജേഷ്, പ്രശാന്ത്, ശ്രീകുട്ടന്‍ എന്നിവരടക്കം ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി അറിയിച്ചു. ബിജെപി വെള്ളനാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ശിവജിപുരം ഭുവനചന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.