തിരുവനന്തപുരം: പുരുഷന്മാരുടെ മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിംഗില്‍ സ്വര്‍ണ്ണം സര്‍വീസസിന്റെ കെ. രാമാനന്ദ ശര്‍മ്മക്ക്. 400.40 പോയിന്റ് നേടി പുതിയ മീറ്റ് റെക്കോര്‍ഡോടെ രാമാനന്ദശര്മ്മ കനകം കഴുത്തിലണിഞ്ഞു.
2011-ല്‍ സര്‍വീസസിന്റെ എം. മനീഷ്കുമാര്‍ സ്ഥാപിച്ച 331.70 പോയിന്റിന്റെ റെക്കോര്‍ഡ് മണിപ്പൂര്‍ സ്വദേശിയായ ശര്‍മ്മ പഴങ്കഥയാക്കി.
ആതിഥേയ പ്രതീക്ഷയായിരുന്ന മഹാരാഷ്ട്ര സ്വദേശി സിദ്ധാര്‍ത്ഥ് പരദേശി വെങ്കലത്തില്‍ ഒതുങ്ങി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ പ്ലാറ്റ്ഫോം ഡൈവിംഗില്‍ ഒന്നാമനായ സിദ്ധാര്‍ത്ഥിന് ഇന്നലെ 315.40 പോയിന്റ് നേടാനേ സാധിച്ചുള്ളു.
319.45 പോയിന്റ് നേടി എം. മനീഷ് കുമാര്‍ സര്‍വീസസിന്റെ പട്ടികയില്‍ വെള്ളി ചേര്‍ത്തുവച്ചു.ആദ്യമായാണ് രാമാനന്ദ ശര്‍മ്മ ദേശീയ ഗെയിംസില്‍ മത്സരിക്കുന്നത്. 2006 മുതല്‍ 2014 വരെ തുടര്‍ച്ചയായി ജൂനിയര്‍ നാഷണലില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്.
2011-ല്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും താരം സ്വന്തമാക്കിയിട്ടുണ്ട്.2014ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: