ഭക്ഷ്യസുരക്ഷയെ ബാധിക്കും കുട്ടനാട്ടില്‍ പുഞ്ചകൃഷിക്ക് കീടബാധ ഭീഷണി

Friday 6 February 2015 8:30 pm IST

ആലപ്പുഴ: സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ വരെ ബാധിക്കുന്ന വിധത്തില്‍ കുട്ടനാട്ടിലെ പുഞ്ചകൃഷിക്ക് കീടബാധ ഭീഷണി. കുട്ടനാട്ടിലെ അമ്പത് ശതമാനത്തിലേറെ പാടശേഖരങ്ങളിലെയും നെല്‍കൃഷി കീടബാധ മൂലം നശിക്കുകയാണ്. അവിച്ചില്‍, മഞ്ഞളിപ്പ്, മുഞ്ഞ, കുഴല്‍, ഓലചുരുട്ടിപ്പുഴു, കുട്ടന്‍കുത്ത് തുടങ്ങിയ കീടബാധയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. അമ്പത് ദിവസം മുതല്‍ 75 ദിവസം വരെ പ്രായമുള്ള നെല്‍ച്ചെടികളെയാണ് ഈ രോഗങ്ങള്‍ ബാധിച്ചിരിക്കുന്നത്. കര്‍ഷകര്‍ ചെലവ് മുഴുവനും ചെയ്തുകഴിഞ്ഞ് വിളവെടുപ്പിന് കാത്തിരിക്കവെയാണ് ഈ കീടബാധയുണ്ടായത്. ഒരേക്കറിന് പാട്ടച്ചെലവ് ഉള്‍പ്പെടെ 40,000 രൂപയോളം ചെലവാക്കിക്കഴിഞ്ഞു. കൊയ്ത്ത് യന്ത്രത്തിന്റെ വാടക കൊടുക്കാനുള്ള നെല്ല് പോലും ഇനി ലഭിക്കാന്‍ സാദ്ധ്യതയില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരേക്കര്‍ പാടശേഖരത്തില്‍ പ്രയോഗിക്കുന്നതിന് കീടനാശിനിക്ക് 120 രൂപ ചെലവാകുമ്പോള്‍ കീടനാശിനി പ്രയോഗം നടത്തുന്ന തൊഴിലാളിക്ക് 600 രൂപയോളം കൂലി നല്‍കണം. ഈ സാഹചര്യത്തില്‍ കൃഷി തുടര്‍ന്ന് നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കീടബാധ വ്യാപകമാകാന്‍ കാരണമെന്ന് മങ്കൊമ്പിലെ നെല്ല് ഗവേഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. അതിനിടെ കഴിഞ്ഞ പുഞ്ചകൃഷി നശിച്ചത് മൂലം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി ബാങ്കുകള്‍ ജപ്തി നോട്ടീസും അയച്ചു തുടങ്ങി, കുട്ടനാട്ടില്‍ ഏറ്റവും കൂടുതല്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നത് പുഞ്ചകൃഷിക്കാണ്. പുഞ്ചകൃഷി നശിച്ചാല്‍ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ വരെ സാരമായി ബാധിക്കും. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ തയാറാകണമെന്ന് കുട്ടനാട് വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ വെളിയനാട് മാത്തച്ചന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.