അര്‍ത്തുങ്കല്‍ പഞ്ചായത്ത്; കരടു നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം

Friday 6 February 2015 9:20 pm IST

ചേര്‍ത്തല: അര്‍ത്തുങ്കല്‍ പഞ്ചായത്ത് രൂപീകരണം, തീരദേശ പഞ്ചായത്ത് സ്ഥാനം നഷ്ടമാകും, കരടു നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് രണ്ടായി വിഭജിച്ച് പുതുതായി അര്‍ത്തുങ്കല്‍ പഞ്ചായത്ത് രൂപീകരിക്കുവാനുള്ള കരട് നിര്‍ദ്ദേശം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ജനുവരി 25നാണ്. ഉത്തരവ് പ്രകാരം ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് ഈ മാസം എട്ടു വരെയാണ്. എന്നാല്‍ കരട് നിര്‍ദ്ദേശത്തിനെതിരെ തീരദേശത്ത് പ്രതിഷേധം ശക്തമായി. 22 വാര്‍ഡുകളുള്ള ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ വടക്കന്‍ മേഖല ഉള്‍ക്കൊള്ളുന്ന അര്‍ത്തുങ്കല്‍ പഞ്ചായത്താണ് പുതിയതായി രൂപീകരിക്കുന്നത്. ഒന്നുമുതല്‍ ഒമ്പതു വരെ വാര്‍ഡുകളും, 21, 22 വാര്‍ഡുകളും ചേര്‍ന്നതാണ് പുതിയ പഞ്ചായത്ത്. ചേര്‍ത്തല തെക്ക് കൃഷി ഓഫീസിന് സമീപമുള്ള അര്‍ത്തുങ്കല്‍ പൊഴിത്തോടിന് വടക്കുഭാഗത്തു വരുന്ന പ്രദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കിഴക്ക് മാടയ്ക്കല്‍, കണിച്ചുകുളങ്ങര റോഡും, വടക്ക് കടക്കരപ്പള്ളി പഞ്ചായത്തും, പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകള്‍. എന്നാല്‍ അതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരദേശത്ത് വ്യാപകമായി. കരടു വിജ്ഞാപന പ്രകാരം അര്‍ത്തുങ്കല്‍ പള്ളിയും, തീരദേശ വില്ലേജും ഉള്‍പ്പെടുന്ന പ്രദേശം ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ 20-ാം വാര്‍ഡിലാണ്. ഇതാണ് തര്‍ക്കത്തിന് കാരണം. കിഴക്ക് പടിഞ്ഞാറായി വിഭജിച്ചുള്ള ഈ രീതി നിലവില്‍ വന്നാല്‍ അര്‍ത്തുങ്കലിന് തീരദേശ പഞ്ചായത്തെന്ന സ്ഥാനം നഷ്ടമായേക്കും. നിലവില്‍ 22-ാം വാര്‍ഡാണ് പഞ്ചായത്തിലെ അര്‍ത്തുങ്കല്‍ വാര്‍ഡ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഗ്രാമപഞ്ചായത്തിന് അര്‍ത്തുങ്കല്‍ എന്ന പേര് നല്‍കിയത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തീരദേശം മാത്രം വരുന്ന പഞ്ചായത്ത് രൂപീകരിച്ചാല്‍ അതുവഴി ഭാവിയില്‍ ബുദ്ധിമുട്ടുകളുണ്ടായേക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ജഗദംബ പറഞ്ഞു. തീരദേശവാസികളുടെ ചിരകാല സ്വപ്‌നമായ അര്‍ത്തുങ്കല്‍ തീരദേശ പഞ്ചായത്ത് അട്ടിമറിക്കുവാനുള്ള നീക്കത്തിനെതിരെ തീരദേശം കേന്ദ്രീകരിച്ച് രൂപീകരിച്ച കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.