ഇന്ധനവില വര്‍ദ്ധനവ് പിന്‍‌വലിക്കില്ല - പ്രണബ് മുഖര്‍ജി

Wednesday 29 June 2011 6:42 pm IST

വാഷിങ്ടണ്‍: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയ്ക്കു വിലകൂട്ടിയതു പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡീസല്‍ ലിറ്ററിന് മൂന്നു രൂപയും പാചകവാതകം സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിനു രണ്ടു രൂപയുമാണു വര്‍ദ്ധിപ്പിച്ചത്. കസ്റ്റംസ്, എക്സൈസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തിന്റെ ധനക്കമ്മിയില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ് സാമ്പത്തിക സഹകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പ്രണബ്. കോണ്‍ഫിഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ബ്രൂക്കിങ് ഇന്‍സ്റ്റിറ്റ്യുട്ടും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.