209 . രക്തബീജാസുരാക്രാന്തശക്തിസേനാഭയാപഹാ – രക്തബീജന് എന്ന അസുരനാല്‍ ആക്രമിക്കപ്പെട്ട ശക്തിസേനയുടെ ഭയത്തെ നശിപ്പിച്ചവള്.
സുംഭനിസുംഭന്മാരുടെ ഭാഗിനേയനായി രക്തബീജന് എന്ന ഒരു അസുരന് ഉണ്ടായിരുന്നു. രക്തബീജന് ശ്രീപരമേശ്വരനില് നിന്നു ലഭിച്ച അസാധാരണമായ ഒരുവരത്തിന്റെ പ്രഭാവം കൊണ്ട് അയാളുടെ ഒരു തുള്ളി രക്തം തറയില്വീണാല് അതില്‍ നിന്നു മറ്റൊരു രക്തബീജനുണ്ടാകും. ആ രക്തബീജന് ജനകന്റെ വീര്യവും ബലവും ആയുധങ്ങളും ഉണ്ടായിരിക്കും. ദേവിയും ബ്രഹ്മാണി, മാഹേശ്വരി, വൈഷ്ണവി, നാരസിംഹി, വാരാഹി, കൗമാരി, ഇന്ദ്രാണി തുടങ്ങിയ ശക്തികളും ശക്തിസേനയും ഒരുമിച്ച് ആക്രമിച്ചപ്പോള്‍ അസുരസൈന്യം തോറ്റോടി.
ഇതുകണ്ട് രക്തബീജന് ദേവിയെ നേരിട്ടു. ദേവിമാരുടെ ആയുധങ്ങളേറ്റ് രക്തബീജന്റെ ശരീരത്തില്‍ നിന്ന് വളരെ രക്തം ഭൂമിയില്‍ പതിച്ചു. ഓരോ രക്തബിന്ദുവില് നിന്നും രക്തബീജന്റെ രൂപവും ആയുധങ്ങളുമുള്ള രക്തബീജന്മാരുണ്ടായി. ദേവിമാര്‍ ആക്രമണം തുടര്‍ന്നപ്പോള്‍ രക്തബീജന്മാരെക്കൊണ്ടു ലോകം നിറഞ്ഞു. ദേവന്മാരും ദേവിയുടെ പരിവാരങ്ങളും പരിഭ്രാന്തരായി എന്തുചെയ്യണമെന്നറിയാതെ പകച്ചു. ഇത്രയൊക്കെയായപ്പോള്‍ ദേവി അവരുടെ ഭയത്തെ നശിപ്പിച്ചു. എങ്ങനെയാണ് അടുത്ത നാമത്തില്‍ പറയുന്നു.
210 . ചാമുണ്ഡാംപീതരക്തരക്തബീജാസുഹാരിണീ – ചാമുണ്ഡി ദേവിയാല്‍ പാനം ചെയ്യപ്പെട്ട രക്തത്തോടുകൂടിയ രക്തബീജന്റെ പ്രാണങ്ങളെ നശിപ്പിച്ചവള്. (ചാമുണ്ഡാദേവിയെകൊണ്ടു രക്തം കുടിപ്പിച്ച് രക്തബീജനെ വധിച്ചവള്‍.)
ദേവന്മാരുടെ പരിഭ്രമംകൊണ്ട് ദേവിയുടെ മനസ്സലിഞ്ഞു.ദേവി ചാമുണ്ഡാദേവിയോട് രക്തബീജന്റെ ശരീരഭാഗത്തുനിന്നു വീഴുന്ന രക്തത്തുള്ളികളെ ഭൂമിയില്‍ പതിക്കുന്നതിനു മുമ്പുകുടിക്കാനും രക്തത്തുള്ളികളില്‍ നിന്നുണ്ടായ രക്തബീജന്മാരെ ഭക്ഷിക്കാനും നിര്‍ദ്ദേശിച്ചു. എന്നിട്ട് പലതരത്തിലുള്ള ആയുധങ്ങള്‍കൊണ്ട് രക്തബീജനെ മുറിവേല്‍പ്പിച്ചു. മുറിവുകളില്‍ നിന്നുണ്ടായ രക്തം ചാമുണ്ഡാദേവി കുടിച്ചു. മുമ്പുണ്ടായ രക്തബീജന്മാരെ ചാമുണ്ഡാദേവി ഭക്ഷിച്ചു. ശരീരത്തിലെ രക്തം മുഴുവന്‍ തീര്‍ന്നപ്പോള്‍ രക്തബീജന് മരിച്ചു. ശക്തിസേന ഭയത്തില്‍നിന്നു മുക്തരായി.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: