സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; ജി. സുധാകരനെതിരെ നീക്കം ശക്തം

Saturday 7 February 2015 8:25 pm IST

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയത പൂര്‍ണമായി ഇല്ലായ്മ ചെയ്‌തെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുമ്പോള്‍ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ആലപ്പുഴ ജില്ലയില്‍ വിഭാഗീയത അതിരൂക്ഷമായി. വിഎസ്-ഐസക് പക്ഷത്തെ പ്രമുഖനായ ജി. സുധാകരനെതിരായ നീക്കം ശക്തമാക്കി വിഎസ്-ഐസക് പക്ഷത്തെ പ്രമുഖ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ അടുത്തദിവസം ജില്ലാക്കമ്മറ്റി യോഗം ചേരും. ജില്ലാ സമ്മേളനത്തില്‍ വിഎസ്-ഐസക് പക്ഷത്തെ പൂര്‍ണമായും വെട്ടിനിരത്തിയാണ് സുധാകരന്റെ നേതൃത്വത്തില്‍ നേരത്തെ ജില്ലാ കമ്മറ്റി പിടിച്ചെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന ഐസക് പക്ഷത്തെ പ്രമുഖന്‍ സി.ബി. ചന്ദ്രബാബുവിന് പോലും ഈ നീക്കത്തില്‍ അടിതെറ്റി. തന്റെ ഏറ്റവും അടുപ്പക്കാരനായ സജി ചെറിയാനെ സെക്രട്ടറിയായി തെരഞ്ഞെടുത്താണ് സുധാകരന്‍ കരുത്തു കാട്ടിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ പോലും തള്ളിക്കളഞ്ഞാണ് സജി ചെറിയാനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതോടെ ഏറെക്കാലമായി ജില്ലയില്‍ നിലനില്‍ക്കുന്ന വിഭാഗീയത രൂക്ഷമായി. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ജനറല്‍ കണ്‍വീനറും ജി. സുധാകരനാണ്. വിഎസ്-ഐസക് പക്ഷത്തെ പൂര്‍ണമായി കാഴ്ചക്കാരാക്കി, ജി. സുധാകരനും സജി ചെറിയാനും ആര്‍. നാസറുമാണ് സംസ്ഥാന സമ്മേളവുമായി ബന്ധപ്പെട്ട പരിപാടികളെല്ലാം നിയന്ത്രിക്കുന്നത്. മുന്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു അടക്കമുള്ളവര്‍ ഏതാണ്ട് അപ്രസക്തമായിക്കഴിഞ്ഞു. സുധാകരന്റെയും സംഘത്തിന്റെയും ഏകാധിപത്യ നയസമീപനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മറുപക്ഷം. കേന്ദ്ര കമ്മറ്റി അംഗമായ തോമസ് ഐസക്കിന് പോലും മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് ജി. സുധാകരനും അരൂര്‍ എംഎല്‍എയായ എ.എം. ആരിഫുമായി കഴിഞ്ഞദിവസം ഏറ്റുമുട്ടിയത്. സംസ്ഥാന സ്‌മേളനത്തിന്റെ ഭാഗമായി മങ്കൊമ്പില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആരിഫ് വൈകിയെത്തിയതിന് സുധാകരന്‍ പരസ്യമായി ശാസിച്ചു. പിന്നീട് ജില്ലാക്കമ്മറ്റി യോഗത്തിലും സുധാകരന്‍ ആരിഫിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ആരിഫും ശക്തമായി തന്നെ തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ ഇത്തരം നയസമീപനങ്ങള്‍ അംഗീകരിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് മറുപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലോടെ സംസ്ഥാന സമ്മേളനം വരെ പരസ്യ പ്രസ്താവനകളും തുറന്നുള്ള ഏറ്റുമുട്ടലുകള്‍ക്കും താത്കാലിക ശമനമുണ്ടാകുമെങ്കിലും പിന്നീട് പല പ്രമുഖരും വെട്ടിനിരത്തിലിനിരയാകാനാണ് സാദ്ധ്യത. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇപ്പോഴത്തേതുപോലുള്ള ടീം വര്‍ക്ക് ജില്ലയിലെ പാര്‍ട്ടിയില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മുന്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു അടക്കമുള്ളവര്‍ക്കുള്ള ശക്തമായ മറുപടിയാണ് സജി ചെറിയാന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.