ദേശീയ ഗെയിംസ്; ഇഎംഎസ് സ്‌റ്റേഡിയത്തിന് തുക വകമാറ്റിയത് വിവാദമാകുന്നു

Saturday 7 February 2015 9:26 pm IST

ആലപ്പുഴ: നഗരസഭാ ഇഎംഎസ് സ്‌റ്റേഡിയത്തിന് മുന്‍ ഇടതു സര്‍ക്കാര്‍ ദേശീയ ഗെയിംസിന് അനുവദിച്ച തുകയില്‍ നിന്നും അഞ്ചു കോടി രൂപ വകമാറ്റിയത് വിവാദമാകുന്നു. സ്‌റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കോടികള്‍ മുടക്കി നിര്‍മ്മിച്ച സ്‌റ്റേഡിയം കുട്ടിയും കോലും കളിക്കാന്‍ കഴിയാത്ത ദുസ്ഥിയിലാണ്. ആലപ്പുഴയില്‍ ദേശീയ ഗെയിംസിന്റെ ഭാഗമായി ജലകായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ വിവിധ പ്രദര്‍ശന മേളകളും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളുമാണ് നടക്കുന്നത്. ദേശീയ ഗെയിംസിന് അനുവദിച്ച തുകയില്‍ നിന്നും അഞ്ചു കോടി വകമാറ്റി അനുവദിച്ചതിന്റെ നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാന്‍  മുന്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്കും ജി. സുധാകരനും തയ്യാറാകണമെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു. ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന് ഇപ്പോള്‍ ആരോപണവുമായി രംഗത്തുവന്നിട്ടുളള സിപിഎം നേതാക്കള്‍ വസ്തുതകള്‍ പുറത്തു വന്നപ്പോള്‍ ഇളിഭ്യരായിരിക്കുകയാണ്. ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തിന് ഗെയിംസ് ഫണ്ടില്‍ നിന്നും അഞ്ചു കോടി ഉള്‍പ്പെടെ 10 കോടിയിലധികം രൂപ ഇതിനോടകം നല്‍കി കഴിഞ്ഞു. എന്നിട്ടും ടെന്നീസ് ബോള്‍ പോലും കളിക്കാന്‍ കഴിയാത്ത തരത്തില്‍ സ്‌റ്റേഡിയം നിര്‍മ്മിച്ച് ജനങ്ങളെയും കായികപ്രേമികളെയും വഞ്ചിച്ച സിപിഎം നഗരഭരണാധികാരികളും, തോമസ് ഐസക്കും, ജി. സുധാകരനും ഇപ്പോള്‍ സിപിഎം സംസ്ഥാന നേതൃനിരയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മത്സരങ്ങള്‍ നടത്തുവാന്‍ സ്‌റ്റേഡിയം പണിയുമ്പോള്‍ കായിക ഫെഡറേഷനുകള്‍ നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം നടത്തേണ്ടത്. ഇതൊന്നും പാലിക്കാതെ സെവന്‍സ് ഫുട്‌ബോള്‍ പാകത്തിലുളള സ്‌റ്റേഡിയം പണിത് ഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.