നല്ല സിനിമ ഉണ്ടാകാത്തത് നല്ല പ്രേക്ഷകരില്ലാത്തതിനാലെന്ന്

Saturday 7 February 2015 9:34 pm IST

ആലപ്പുഴ: കാണികള്‍ക്കും ചലച്ചിത്രങ്ങള്‍ കാണാന്‍ യോഗ്യതവേണമെന്നും അര്‍ഹതവേണമെന്നും ചലച്ചിത്ര സംവിധായകന്‍ ഡോ.ബിജു. കാഴ്ച ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിവസം ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നല്ല സിനിമയും പ്രേക്ഷകരും' എന്നതായിരുന്നു വിഷയം. നിരന്തരം കച്ചവട സിനിമകള്‍ കണ്ടുകൊണ്ടിരിക്കുന്ന കാണികള്‍ക്ക് അപചയം സംഭവിച്ചിട്ടുണ്ട്. അത്തരം കാണികള്‍ക്ക് നല്ല സിനിമകള്‍ കാണാന്‍ നല്‍കാനാവില്ല. കാണികള്‍ക്കും ചലച്ചിത്ര സംസ്‌ക്കാരം ഉണ്ടാവണം. നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ നല്ല പ്രേക്ഷകരും ഇവിടെയില്ല എന്നും തിരിച്ചറിയണം. ഏറ്റവും കൂടുതല്‍ പേര്‍ കാണുന്നതല്ല ഏറ്റവും നല്ല സിനിമ. കാലത്തെ, ഭാഷകളെ അതിജീവിക്കുന്നതാണ് നല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമക്ക് സര്‍ക്കാര്‍ തീയേറ്റര്‍ സമുച്ചയങ്ങള്‍ പോലും നല്‍കാറില്ലെന്ന് സംവിധായകന്‍ ലിജിന്‍ ജോസ് അഭിപ്രായപ്പെട്ടു. കലവൂര്‍ രവികുമാര്‍ മോഡറേറ്ററായിരുന്നു. സിബിതോമസ്, രണദേവ്, കെ.ബി.അജയകുമാര്‍, മുഹമ്മദ് താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര മേള ഞായറാഴ്ച വൈകിട്ട് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.