ഗെയിംസ് അഴിമതി: വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് സാങ്കേതിക സമിതി അധ്യക്ഷന്‍ കെ. മുരുകന്‍

Saturday 7 February 2015 9:54 pm IST

തിരുവനന്തപുരം: ഗെയിംസില്‍ അഴിമതിയുണ്ടെന്ന വാര്‍ത്തളോട് പ്രതികരിക്കാനില്ലെന്ന് സാങ്കേതിക സമിതി അധ്യക്ഷന്‍ കെ. മുരുകന്‍. അക്കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരാണ്. സൗകര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് കമ്മറ്റിയുടെ ചുമതല. കേരളത്തിലെ സൗകര്യങ്ങള്‍ മികച്ചതാണെന്ന് അദ്ദേഹം വാര്‍ത്താസ മ്മേളത്തില്‍ പറഞ്ഞു. മത്സരങ്ങള്‍ക്കായി തയ്യാറാക്കിയ സ്‌റ്റേഡിയങ്ങളും ഷൂട്ടിങ് റേഞ്ചും ബീച്ച് വോളി, സ്‌ക്വാഷ്, കബഡി എന്നിവയ്ക്കായി ഒരുക്കിയ സൗകര്യങ്ങളും മികച്ചതാണ്. ഗെയിംസിനായി ഒരുക്കിയിരുക്കുന്ന വേദികള്‍ കായികമേഖലയുടെ വളര്‍ച്ചയ്ക്കായി തുടര്‍ന്നും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി, ബാഡ്മിന്റണ്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് പ്രമുഖ താരങ്ങളില്‍ പലരും എത്താതിരുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് റിപ്പോര്‍ട്ട് നല്‍കും. വട്ടിയൂര്‍ക്കാവ്, തൃശൂര്‍ ഷൂട്ടിങ് റേഞ്ചുകള്‍ രാജ്യത്തെ തന്നെ മികച്ചതാണെന്നും കെ. മുരുകന്‍ വ്യക്തമാക്കി. കൊല്ലം ഹോക്കി സ്‌റ്റേഡിയം ലോകനിലവാരത്തിലുള്ളതാണ്. ജലസേചനസൗകര്യമൊരുക്കി അത് സംരംക്ഷിക്കണം. രണ്ട് കോര്‍ട്ടുകള്‍ ഒരേ കൂരയ്ക്ക് കീഴിലുള്ള സ്‌ക്വാഷ് കോര്‍ട്ട് രാജ്യത്ത് ആദ്യത്തേതാണ്. ബീച്ച് വോളി, ഹാന്‍ഡ് ബോള്‍ എന്നിവയക്ക് ഒരുക്കിയ സജ്ജീകരണങ്ങള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസിനായി നിര്‍മ്മിച്ച വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, തൃശൂര്‍ ട്രാപ്പ് ആന്റ് സ്‌കീറ്റ്, തിരുവനന്തപുരത്തെ സ്‌ക്വാഷ് സ്‌റ്റേഡിയം എന്നിവയുടെ പരിപാലനം കേരള പോലീസിനെ ഏല്പ്പിച്ചതായി ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് വ്യക്തമാക്കി. ഇതിനാവശ്യമായ പണം ഗെയിംസ് ഫണ്ടില്‍ നിന്നും നല്‍കും. ഡിജിപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗെയിംസിനായി നിര്‍മ്മിച്ച സ്‌റ്റേഡിയങ്ങളുടെ പരിപാലനം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയഗെയിംസിന് പുറത്തുള്ള സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണച്ചുമതലയും ഗെയിംസ് സെക്രട്ടേറിയറ്റ് ഏറ്റെടുത്തിട്ടുണ്ടെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. പാല മുനിസിപ്പല്‍ സ്‌റ്റേഡിയം, കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയം, തൃക്കരിപ്പൂര്‍ സ്‌റ്റേഡിയം ഉള്‍പ്പെടെ നൂറുകണക്കിന് നിര്‍മാണങ്ങള്‍ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തിയിട്ടുണ്ട്. ഗെയിംസിന്റെ പണം ഉപയോഗിച്ചല്ല ഈ നിര്‍മാണം നടക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റ് വിഹിതമാണ് ഉപയോഗിക്കുന്നത്. കായിക രംഗത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ഈ നിര്‍മാണങ്ങളുടെ ലക്ഷ്യമെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.