പ്രളയത്തില്‍ മരിച്ചെന്ന് കരുതിയ യുവതിയെ ഉത്തരകാശിയില്‍ കണ്ടെത്തി

Sunday 8 February 2015 8:51 pm IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 2013 ലുണ്ടായ  വെള്ളപ്പൊക്കത്തില്‍ മരിച്ചെന്നു കരുതിയ യുവതി പ്രത്യക്ഷപ്പെട്ടു. മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച ലീല കന്‍വാറിനെയാണ് 19 മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവ് വിജേന്ദ്ര സിംഗ് കന്‍വാര്‍ ഉത്തരകാശിയില്‍ നിന്നും കണ്ടെത്തിയത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലുള്ള 45 കാരിയായ ലീല കന്‍വാറിനെ ഉത്തരകാശിയിലെ ഗാംഗോറില്‍നിന്നും പ്രദേശവാസികളുടെ സഹായത്തോടെയാണ് കണ്ടെത്തിയതെന്ന് ഉത്തരാഖണ്ഡ് പോലീസ് സൂപ്രണ്ട് ജഗത് റാം ജോഷി പറഞ്ഞു. ഗ്രാമ മുഖ്യനും പ്രദേശവാസികളും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. മാനസികാസ്വാസ്ഥ്യം ബാധിച്ച യുവതി തെരുവില്‍ ഭിക്ഷയാചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേദാര്‍നാഥ് സന്ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ 2013 ജൂണ്‍ 16 നൂം 17 നും മധ്യേയുണ്ടായ മഹാപ്രളയത്തിലാണ് വേര്‍പെട്ടുപോയതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. വിജേന്ദ്ര സിംഗ് കന്‍വാര്‍ രുദ്രപ്രയാഗ് ചാമോലി ജില്ലകളില്‍ അവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.  എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട വിജേന്ദ്ര ഭാര്യ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതി. അന്തിമമായി ഒന്നുകൂടി അന്വേഷണം നടത്തിയപ്പോഴാണ് ഉത്തരകാശിയിലെ മാര്‍ക്കറ്റ് പ്രദേശത്ത് ഒരു അജ്ഞാത യുവതി ഭിക്ഷ യാചിക്കുന്നുവെന്ന വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് കന്‍വാര്‍ അവിടെയെത്തി ഭാര്യയുടെ ഫോട്ടോ പ്രദേശവാസികളെ കാണിക്കുകയും അവരില്‍ ഒരാള്‍ യുവതിയെ തിരിച്ചറിയുകയുമായിരുന്നു. അവസാനം ഹിനാ ബസാറില്‍ യുവതിയെ കണ്ടെത്തിയെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. യുവതിയുടെ മാനസികനില തകരാറായതിനാല്‍ അവര്‍ക്ക്  ഭര്‍ത്താവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യുവതിയെ കന്‍വാര്‍ രാജസ്ഥാനിലേക്ക് മടക്കിക്കൊണ്ടുപോയെന്നും എസ്പി പറഞ്ഞു. കേദാര്‍നാഥ് ദുരന്തത്തില്‍ 1000 ത്തിനടുത്ത് പേര്‍ മരിക്കുകയും 4000 ത്തിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.