ശിരുവാണി കരാറും കേരളത്തിലെ ജലക്ഷാമവും

Sunday 8 February 2015 9:15 pm IST

കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളില്‍ (കബനി, ഭവാനി, പാമ്പാര്‍) ഭവാനി പുഴയുടെ പോഷകനദിയാണ് ശിരുവാണി. കബനി, ഭവാനി, പാമ്പാര്‍ എന്നീ നദികള്‍ തമിഴ്‌നാട്ടിലെ കാവേരി നദിയുടെ പോഷകനദികളുമാണ്. ഈ മൂന്നു നദികളുടേയും വൃഷ്ടിപ്രദേശങ്ങള്‍ കേരളത്തിലെ പശ്ചിമഘട്ട മലമടക്കുകളിലാണുള്ളത്. അതായത് ഈ നദികളില്‍ ഒഴുകുവാനുള്ള ജലത്തിന്റെ ഉറവിടം സംസ്ഥാനത്തെ പശ്ചിമഘട്ട മഴക്കാടുകളില്‍ ലഭിക്കുന്ന മഴയാണെന്നു സാരം. പെരിയാറിന്റെ വൃഷ്ടിപ്രദേശം തമിഴ്‌നാട്ടിലുണ്ടെന്ന വാദം നിരത്തിയാണ് മുല്ലപ്പെരിയാറില്‍നിന്നും തമിഴ്‌നാട് ജലത്തിന് അവകാശം തരമാക്കിയിട്ടുള്ളത്. കിഴക്കോട്ടൊഴുകുന്ന ഈ മൂന്നു നദികളും അന്തര്‍സംസ്ഥാന നദികളായിട്ടാണ് കണക്കാക്കുന്നത്. ശിരുവാണി നദിയുടെ പ്രധാന ഭാഗം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വഴിയാണ് ഒഴുകുന്നത്. ശിരുവാണി അണക്കെട്ടും ശിരുവാണി വെള്ളച്ചാട്ടവും ശിരുവാണി നദിയെ വിനോദസഞ്ചാര പ്രാധാന്യമുളള നദിയാക്കുന്നു. കേരളത്തിലെ അട്ടപ്പാടി റിസര്‍വ് ഫോറസ്റ്റിന്റെ നിലനില്‍പ്പ് ഭവാനി പുഴയിലധിഷ്ഠിതമാണ്. അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങളായ ഇരുളര്‍, കുറുംബര്‍ എന്നിവയുടെ സാംസ്‌കാരിക പൈതൃകം ഈ പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഭവാനി പുഴയുടെ കൈവഴിയായ ശിരുവാണി പുഴ പാലക്കാട് ടൗണില്‍നിന്നും 46 കി.മീ. അകലെ മാറിയാണ് ഒഴുകുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ നഗരത്തിലെ കുടിവെള്ള വിതരണത്തിനുവേണ്ടിയാണ് ശിരുവാണി അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും കേരളത്തിലെ റിസര്‍വ് വനത്തിനകത്ത് പണിതീര്‍ത്തിരിക്കുന്ന അണക്കെട്ട് നിര്‍മാണത്തിന് പണം മുടക്കിയത് തമിഴ്‌നാട് സര്‍ക്കാരാണ്. ഡാമിന്റെ കിഴക്കുഭാഗത്താണ് മതികുളം കുന്നുകള്‍ സ്ഥിതിചെയ്യുന്നത്. ഈ കുന്നിലാണ് ശിരുവാണി വെള്ളച്ചാട്ടം ഉള്ളത്. പാലക്കാട് ജില്ലയില്‍ നീരൊഴുക്ക് നിലനിര്‍ത്തുന്ന രണ്ട് നദികളാണ് ശിരുവാണി പുഴയും കൊടുങ്കര പള്ളം പുഴയും. ഈ രണ്ട് നദികളും കേരളം-തമിഴ്‌നാട് അതിര്‍ത്തിയില്‍ കൂടപ്പട്ടിയില്‍ വച്ച് ഭവാനി പുഴയുമായി ചേരുന്നു. ഭവാനി പുഴ കാവേരി നദിയുമായി ചേരുന്നത് തമിഴ്‌നാട്ടിലെ ഈറോഡ് നഗരത്തിന്റെ വടക്കുമാറിയാണ്. ശിരുവാണി അണക്കെട്ട് കൂടാതെ ഭവാനി പുഴയില്‍ ശിരുവാണി അണക്കെട്ടിന് താഴെ അപ്പര്‍ ഭവാനി അണക്കെട്ട് തമിഴ്‌നാട് പണിതീര്‍ത്തിട്ടുണ്ട്. അണക്കെട്ടിന് താഴെ ഭവാനിപുഴ തമിഴ്‌നാട്ടിലേക്ക് കാല്‍ക്കണ്ടിയൂര്‍ വഴി ഒഴുകുന്നു. 1984 ലാണ് അണക്കെട്ടുപണി പൂര്‍ത്തിയാക്കി ശിരുവാണിയില്‍നിന്നും കോയമ്പത്തൂരിലേക്ക് കുടിവെള്ള വിതരണം ആരംഭിച്ചത്. ശിരുവാണി അണക്കെട്ടിന് 57 മീറ്റര്‍ ഉയരവും 224 മീറ്റര്‍ നീളവുമുണ്ട്. 255 ലക്ഷം മീറ്റര്‍     ക്യൂബ് ജലം ശേഖരിക്കുവാന്‍ അണക്കെട്ടിനാകും. 1973 ആഗസ്റ്റ് 19 നാണ് ശിരുവാണി കുടിവെള്ള വിതരണ പ്രോജക്ട് കരാര്‍ കേരളത്തിനുവേണ്ടി സ്‌പെഷ്യല്‍ സെക്രട്ടറി ടി.മാധവമേനോനും തമിഴ്‌നാട് സെക്രട്ടറി എം.എം.രാജേന്ദ്രനും ഇരു സംസ്ഥാനങ്ങള്‍ക്കും വേണ്ടി ഒപ്പുവയ്ക്കുന്നത്. കേരളത്തിലെ മുതുക്കുളത്ത് കെട്ടുന്ന ശിരുവാണി അണക്കെട്ടില്‍നിന്നും കോയമ്പത്തൂര്‍ നഗരത്തിലെ ശുദ്ധജലവിതരണത്തിനാണ് 1973 ല്‍ കരാര്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. മുതുക്കുളത്ത് നിലനിന്നിരുന്ന ഡാമിന് താഴെയായി ഡാം നിര്‍മിച്ച് 1300 ദശലക്ഷം ക്യുബിക് അടി ജലം പ്രതിവര്‍ഷം തമിഴ്‌നാട്ടിലേക്ക് കുടിവെള്ള വിതരണത്തിനായി കേരളം നല്‍കണം. ഈ കരാര്‍ കാവേരി നദീതടത്തിലേയും ഭവാനി പുഴയിലെയും ജലത്തിന്റെ അവകാശത്തെ സംബന്ധിച്ച്    ഇരുസംസ്ഥാനങ്ങള്‍ക്കും ബാധകമായിരിക്കില്ല. കോയമ്പത്തൂര്‍ ടൗണിനും പ്രാന്തപ്രദേശങ്ങള്‍ക്കുമായി പ്രതിവര്‍ഷം 1300 ദശലക്ഷം ക്യുബിക് അടി ജലം നല്‍കുവാന്‍ കേരളം അംഗീകരിക്കുന്നു. ശിരുവാണി ഡാം പണി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ 13000 ദശലക്ഷം ക്യുബിക് അടി ജലം കൊണ്ടുപോകുന്നതിനുള്ള അവകാശം തമിഴ്‌നാടിനുണ്ടാകും. ഈ ജലം ഗാര്‍ഹികം, സാമൂഹ്യം, വ്യവസായം എന്നീ ആവശ്യങ്ങള്‍ക്കായി മാത്രം തമിഴ്‌നാടിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കൃഷിക്കായി ഈ ജലം ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ഓരോവര്‍ഷവും കണക്കാക്കുന്നത് ജൂലായ് മാസം ഒന്നാം തീയതി മുതല്‍ അടുത്തവര്‍ഷം ജൂണ്‍ മുപ്പതുവരെ എന്നായിരിക്കും. ശിരുവാണി കുടിവെള്ള വിതരണ പ്രോജക്ടിനായി കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ചെലവില്‍ അണക്കെട്ട് നിര്‍മിച്ച് നല്‍കും. കേരളത്തിലെ നദീതട ജീവജാലങ്ങളുടെ നിലനില്‍പ്പിനായി സെക്കന്റില്‍ 5 ക്യൂബിക് അടി ജലം നിയന്ത്രിതമായി ശിരുവാണിയിലൂടെ പുറത്തുവിടും. കരാര്‍ പ്രകാരം ജലവിതരണം അളക്കുവാനുള്ള ഉപകരണങ്ങളുടെ വില തമിഴ്‌നാട് വഹിക്കണം. അതായത് തമിഴ്‌നാട് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കണക്കാക്കുന്നത് തമിഴ്‌നാടിന്റെ ഉപകരണങ്ങള്‍ വച്ച് തമിഴ്‌നാടായിരിക്കും എന്നു സാരം. ശിരുവാണി പ്രോജക്ട് പൂര്‍ത്തിയാക്കി നടപ്പായതിനുശേഷം 99 വര്‍ഷത്തേക്കാണ് കരാര്‍ ഉടമ്പടി ഉണ്ടാക്കിയിട്ടുള്ളത്. ഇരുസംസ്ഥാനങ്ങള്‍ക്കും സമ്മതമാണെങ്കില്‍ കരാര്‍ വീണ്ടും പുതുക്കാവുന്നതാണ്. ശിരുവാണി കുടിവെള്ള വിതരണ പ്രോജക്ടിന്റെ നിയന്ത്രണം രണ്ട്   സംസ്ഥാനങ്ങളിലെയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട ജോയിന്റ് ബോര്‍ഡ് ഓഫ് എഞ്ചിനീയര്‍മാര്‍ക്കായിരിക്കും. ഭവാനി പുഴയില്‍നിന്നും 2.5 ടിഎംസി ജലം അട്ടപ്പാടി താഴ്‌വരയിലെ കൃഷിക്കായി ശിരുവാണി അണക്കെട്ടിന്റെ പൂര്‍ത്തീകരണത്തിനുശേഷം നല്‍കുവാന്‍ തമിഴ്‌നാട് അംഗീകരിക്കുന്നു. പാമ്പാര്‍ നദീതടത്തില്‍നിന്നും കേരളസര്‍ക്കാര്‍ 0.6 ടിഎംസി ജലം ജലസേചനത്തിന് കേരളത്തിന് ഉപയോഗിക്കാവുന്നതാണ്. ഇതാണ് ശിരുവാണി കുടിവെള്ള വിതരണ പ്രോജക്ട് കരാറിന്റെ ഏകദേശ രൂപം. നാളിതുവരെ കേരളം ശിരുവാണിയില്‍നിന്നും കോയമ്പത്തൂര്‍ നഗരത്തിന് ജലം നല്‍കുന്നതിന് വീഴ്ച വരുത്തിയിട്ടില്ല. എന്നാല്‍ കരാര്‍ പ്രകാരം ഭവാനിയില്‍നിന്നും പാമ്പാറില്‍നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട ജലം ലഭ്യമാക്കുന്നതില്‍ തമിഴ്‌നാട് പരാജയപ്പെടുകയാണ്. ലോകത്തിലെ രണ്ടാമത്തെ രുചിയുള്ള വെള്ളമാണത്രെ ശിരുവാണി പുഴയിലേത്. അട്ടപ്പാടിയും മണ്ണാര്‍ക്കാടും പാലക്കാടും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും ശിരുവാണിയില്‍നിന്നും ഇടതടവില്ലാതെ കോയമ്പത്തൂര്‍ നഗരത്തിന് കുടിവെള്ളം ലഭ്യമാക്കുന്നുണ്ട് കേരളം. കാവേരി നദീജല തര്‍ക്ക പരിഹാരമെന്ന നിലയില്‍ കബനി, ഭവാനി, പാമ്പാര്‍ നദികളില്‍നിന്നും കാവേരിയില്‍ ജലം ചെന്നുചേരുന്നതിന്റെ അടിസ്ഥാനത്തില്‍ 1976 ലെ കരാര്‍പ്രകാരം കേരളത്തിന് 5 ടിഎംസി ജലത്തിന് അവകാശമുണ്ട്. ഇത് സംസ്ഥാനത്തിന് ലഭ്യമാക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിരന്തര വീഴ്ച വരുത്തുന്നുണ്ട്. പറമ്പിക്കുളം-അളിയാര്‍ (പിഎപി) കരാര്‍ പ്രകാരം സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട ജലവും നല്‍കുന്നതില്‍ തമിഴ്‌നാട് നിരന്തരം വീഴ്ചവരുത്തുന്നു. 1988നുശേഷം പിഎപി പുതുക്കിയിട്ടില്ല. കേരളത്തിന്റെ അനുവാദമില്ലാതെ ചെക്ക് ഡാമുകള്‍ നിര്‍മിച്ച് കൂടുതല്‍ ജലം ചോര്‍ത്തുക, കരാറില്‍ പറയാത്ത ജലവിതരണ പദ്ധതികള്‍ക്കായി കൂടുതല്‍ ജലം ഉപയോഗിക്കുക, ഉടമ്പടി ലംഘിച്ച് ജലസേചനത്തിന് വെള്ളം പമ്പിംഗ് നടത്തുക, കരാര്‍ പ്രകാരം കേരളത്തിലെ നദികളിലൂടെ (പെരിയാര്‍, ചാലക്കുടി, ഭാരതപ്പുഴ) സമയാസമയങ്ങളില്‍ ഒഴുക്കേണ്ട ജലം തമിഴ്‌നാട് ഒഴുക്കാതെ കുടിശിക വരുത്തിത്തുടങ്ങി. പിഎപി കരാര്‍ ലംഘനം നടത്തിയിട്ടും ശിരുവാണി ജലം നല്‍കുന്നതില്‍നിന്നും കേരളം പുറകോട്ടു പോയിട്ടില്ല. പിഎപി കരാര്‍ ലംഘനംമൂലം പാലക്കാട് ചിറ്റൂര്‍ താലൂക്കിലും ഭാരതപുഴയുടെ തീരത്തും അങ്കമാലി നിയോജകമണ്ഡലത്തിലും കൊടിയ വരള്‍ച്ച സൃഷ്ടിക്കപ്പെടുകയാണ്. 2012 ല്‍ കാവേരി ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ച ജലലഭ്യതയ്ക്കായി ഭവാനി പുഴയില്‍ ഒരു ചെക്ക് ഡാം നിര്‍മിക്കുവാന്‍ പദ്ധതി തയ്യാറാക്കിയതാണ്. തമിഴ്‌നാട് അതിനെ എതിര്‍ത്തു. കോയമ്പത്തൂര്‍ നഗരത്തിലെ കുടിവെള്ള വിതരണത്തില്‍ കുറവുണ്ടാകുമെന്നതാണ് തമിഴ്‌നാടിന്റെ വാദമുഖം. കൂടാതെ ഇറോഡിലും  തിരുപ്പൂരിലും കൃഷിയെ ബാധിക്കുമെന്നും പ്രശ്‌നം സുപ്രീംകോടതിയിലെത്തിക്കുമെന്നും തമിഴ്‌നാട് ഭീഷണി മുഴക്കി. ഭവാനിപുഴയില്‍ 460 കോടി രൂപ ചെലവില്‍ അണകെട്ടി അട്ടപ്പാടിയിലെ 500 ഹെക്ടര്‍ കൃഷി 5000 ഹെക്ടറായി വ്യാപിപ്പിക്കുവാനുള്ള പദ്ധതി കേരളത്തിനുണ്ടെങ്കിലും തമിഴ്‌നാടിന്റെ എതിര്‍പ്പുമൂലം നടപ്പാക്കാനായിട്ടില്ല. ശിരുവാണിയില്‍നിന്നും തമിഴ്‌നാട് ജലം കൊണ്ടുപോകുന്നതിന്റെ അളവില്‍ കേരളത്തിന് പരാതിയുണ്ടെങ്കിലും ഇതില്‍ ഇതുവരെ ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ല. എന്നാല്‍ 2014 ല്‍ തണ്ണീര്‍മുക്കത്ത് ചേര്‍ന്ന ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡ് കേരളം അടച്ച ''ഡെഡ് സ്റ്റോറേജ്'' ന് താഴെനിന്നും പുതിയ പൈപ്പ് ഇട്ട് ശിരുവാണിയില്‍നിന്നും ജലം കൊണ്ടുപോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. തമിഴ്‌നാട് കരാറില്‍ പറഞ്ഞതിലധികം ജലം കൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഡെഡ് സ്റ്റോറേജിലെ വാല്‍വ് കേരളം അടച്ചത്. ഇതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ടിപിഡികെ എന്ന പാര്‍ട്ടി കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞു. കുടിവെള്ള വിതരണ പ്രോജക്ടില്‍നിന്നും ജലമെടുത്ത് തമിഴ്‌നാട് കൃഷി നടത്തുന്നത് കരാര്‍ ലംഘനമാണ്. കേരളത്തിലെ മഴ നിഴല്‍ പ്രദേശമായ പാലക്കാട് ചുട്ടുപഴുത്ത് കുടിനീരിനായി വലയുമ്പോഴും പാലക്കാട് ജില്ലയില്‍ പണിതീര്‍ത്ത ശിരുവാണിയില്‍നിന്നും ജലം കൊണ്ടുപോകുന്നതിനും  തമിഴ്‌നാടിനെ കേരളം വിലക്കിയിട്ടില്ല. ഇതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്നത് വലിയ അനാസ്ഥയാണ്. ശിരുവാണി അണക്കെട്ടിന്റെ പ്ലാനില്‍ മാറ്റം വരുത്തുവാന്‍  തമിഴ്‌നാടിന് ഒരു അവകാശവുമില്ല. എന്നിട്ടും ഡാമിന്റെ ഉയരം കൂട്ടുന്ന നടപടികളുമായി തമിഴ്‌നാട് മുന്നോട്ടുപോയി. ശിരുവാണിയിലെ ജലം ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള അനുവാദം കേരളത്തോട് തമിഴ്‌നാട് ചോദിച്ചിട്ടുണ്ട്. 1973 ലെ ശിരുവാണി കരാര്‍പ്രകാരം ഭവാനിപ്പുഴയില്‍നിന്നും 2.5 ടിഎംസി അടി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ടെങ്കിലും സംസ്ഥാനം ഇക്കാര്യത്തില്‍ ഉറക്കം നടിക്കുന്നത് സംസ്ഥാനതാല്‍പ്പര്യങ്ങള്‍ക്കും ജനങ്ങള്‍ക്കും എതിരാണ്. അട്ടപ്പാടിയിലെ ഭവാനിപുഴയിലെത്തേണ്ട കൊടുങ്കാര പള്ളം, വറങ്ങാര്‍, കുന്ത എന്നീ അരുവികള്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിട്ടതിനാല്‍ അട്ടപ്പാടി താഴ്‌വര മരുവല്‍ക്കരണത്തിന്റെ പിടിയിലുമാണ്. കേരളത്തിന്റെ ജല ആവശ്യകത മനസ്സിലാക്കി ശിരുവാണി കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നതിലും കേരളത്തിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിലും കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.