തുറവൂരിലും അരൂരിലും കുടിവെള്ള ക്ഷാമം രൂക്ഷം

Sunday 8 February 2015 9:30 pm IST

അരൂര്‍: തുറവൂര്‍, അരൂര്‍ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. വാഹനങ്ങളില്‍ ജലവിതരണം നടത്തണമെന്ന നിര്‍ദ്ദേശം അട്ടിമറിക്കുന്നതായി വ്യാപക പരാതി. ചില പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മറ്റ് ചിലയിടത്ത് പൊട്ടിയ ജപ്പാന്‍ പൈപ്പിലൂടെ വെള്ളം പാഴാകുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയായി. പള്ളിത്തോട് പോലുള്ള തീരമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ നൂറ് കണക്കിന് ജനങ്ങളാണ് ശുദ്ധജലക്ഷാമം മൂലം കടുത്ത ദുരിതമനുഭവിക്കുന്നത്. ഇതിന് പരിഹാരമായി വാഹനങ്ങളില്‍ ജലം വിതരണം ചെയ്യണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. എല്ലാ വര്‍ഷവും വേനല്‍കാലങ്ങളില്‍ ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്നത് പതിവായിരുന്നു. തീരമേഖലകളിലും മറ്റു പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം മൂലം ജനം കടുത്ത ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ വേനല്‍കാലത്ത് വെള്ളം വിതരണം ചെയ്തതിന്റെ പണം വാഹന ഉടമകള്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. അതിനാല്‍ വെള്ളം വിതരണം വണ്ടിക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ചേര്‍ത്തലക്കാരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ജപ്പാന്‍കുടിവെള്ള പദ്ധതി അമ്പേ പരാജയമായതും മറ്റൊരു കാരണമായി. മണ്ണിലടിയിലൂടെ വലിച്ചിരിക്കുന്ന പൈപ്പുകള്‍ പൊട്ടുന്നതും അറ്റകുറ്റപ്പണി വൈകുന്നതും നിത്യസംഭവമാണ്. മാത്രമല്ല ജപ്പാന്‍ പൈപ്പിലൂടെ ദിവസവും വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പദ്ധതിയുടെ മറവന്‍തുരുത്തിലെ പൈപ്പിന്റെ തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കുന്നതില്‍ വരുന്ന കാലതാമസം കാരണം പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 36 തവണയാണ് ഇവിടെ പൈപ്പ് പൊട്ടിയത്. ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ വരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.