ഫിഷറീസ് സമുദ്രപഠനത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കണം: ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസ്

Sunday 8 February 2015 9:58 pm IST

കേരള ഫിഷറീസ് സമുദ്ര ഗവേഷണ സര്‍വ്വകലാശാലയും, സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ചേര്‍ന്നു സംഘടിപ്പിച്ച ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസ് സമാപനസമ്മേളനം കെ.വി.തോമസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സമുദ്രമേഖലയുമായി ബന്ധപ്പെട്ട വിവിധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് ഞായറാഴ്ച സമാപിച്ച ആദ്യത്തെ ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പലയിടത്തായി ചിതറക്കിടക്കുന്നതിനാല്‍ സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏകീകരണമില്ല. പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയാണെങ്കില്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ക്കു രൂപംനല്‍കാനാകുമെന്ന് സമുദ്രശാസ്ത്ര കോണ്‍ഗ്രസില്‍ അന്തിമരൂപം നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

കേരള ഫിഷറീസ് സമുദ്ര ഗവേഷണ സര്‍വ്വകലാശാലയും (കുഫോസ്) സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ചേര്‍ന്നു സംഘടിപ്പിച്ച നാലുദിവസം നീണ്ട പരിപാടിയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 86 സ്ഥാപനങ്ങളുടെയും 14 രാജ്യാന്തര സ്ഥാപനങ്ങളുടെയും പ്രതിനിധികളാണ് പങ്കെടുത്തത്. 450 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട 14 സെഷനുകളിലും മത്സ്യബന്ധന മേഖലയിലുള്ള പുരുഷ, സ്ത്രീ തൊഴിലാളികളുടെ സംഗമത്തിലും വിവിധ വട്ടമേശ സമ്മേളനങ്ങളിലും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രസക്തമായവ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

മത്സ്യബന്ധന മേഖലയിലെ നൂതന ശാസ്ത്രസാങ്കേതിക വിദ്യകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു കൂടി ലഭ്യമാക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.വി.തോമസ് എം.പി. പറഞ്ഞു. തൊഴിലാളികളെ പരിഗണിക്കാതെ ഇന്ത്യയില്‍ മത്സ്യബന്ധന നയം രൂപീകരിക്കുക അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ കേരള ഫിഷറീസ് മത്സ്യബന്ധന സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി.മധുസൂദനക്കുറുപ്പ് അധ്യക്ഷനായിരുന്നു.

വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, സമുദ്രശാസ്ത്ര കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍  വി.എന്‍.സഞ്ജീവന്‍, ജനറല്‍ കണ്‍വീനര്‍ പി.എ.വിവേകാനന്ദ പൈ, എന്‍പിഒഎല്‍ ഡയറക്ടര്‍  എസ്.അനന്തനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.