ഇടുക്കി (വെള്ളത്തൂവല്‍): വെള്ളത്തൂവലിലെ ബിജെപി പഞ്ചായത്ത് കമ്മറ്റി ഓഫീസിന് തീവച്ചു. വെള്ളത്തൂവല്‍ ടൗണിലെ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്വകാര്യ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി ഓഫീസാണ് ഇന്നലെ അര്‍ദ്ധരാത്രി ആക്രമിക്കപ്പെട്ടത്.
ജനല്‍ചില്ലുകളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ജനല്‍ചില്ലുകള്‍ ആയുധം ഉപയോഗിച്ചു തകര്‍ത്ത നിലയിലും ഫഌക്സ് ബോര്‍ഡുകള്‍ കത്തിച്ച നിലയിലുമാണ്. ബിജെപിയുടെ പ്രവര്‍ത്തനത്തിനെതിരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ചുവരെഴുത്തും ഉണ്ട്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് സ്ഥാനമില്ലെന്നും തുടര്‍ന്നും ഇത്തരം നടപടികള്‍ ഉണ്ടാകുമെന്നും എഴുതിയതിന് ശേഷം റെഡ് ആര്‍മിയെന്നും എഴുതിയിരുന്നു.
വെള്ളത്തൂവലിലെ ബിജെപിയുടെ പ്രവര്‍ത്തനം ഊര്ജ്ജിതമായതില് അസ്വസ്തത ബാധിച്ച സാമൂഹ്യവിരുദ്ധരുടെ ആസൂത്രിത നീക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ദേവികുളം മണ്ഡലം ബിജെപി പ്രസിഡന്റ് വി.കെ. ബിജു പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കി എത്രയുംവേഗം പ്രതികളെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് 4 മുതല്‍ 6 വരെ സ്ഥലത്ത് ബിജെപി ഹര്‍ത്താല്‍ നടത്തി. വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ സുരേഷ് കല്ലാര്‍, സോജന് ജോസഫ്, സി.എന്‍. മധുസൂദനന്, സുധീഷ് കെ.എസ്., ഷൈജു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വൈകിട്ടോടെ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പി.എ. വേലുക്കുട്ടന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: