ഹാന്റ്‌ബോള്‍: കേരള വനിത ടീം പോരാടി ജയിച്ചു

Monday 9 February 2015 12:04 am IST

തിരുവനന്തപുരം: ഹാന്റ്‌ബോളിന്റെ ആദ്യപാദ മത്സരത്തില്‍ കേരളത്തിന്റെ വനിതകള്‍ വിജയിച്ചപ്പോള്‍ പുരുഷന്മാര്‍ക്കു കനത്തതോല്‍വി. വനിത വിഭാഗത്തിലെ പൂള്‍ എ യിലെ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ 19 നെതിരെ 24 ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരം കാണികളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഉണര്‍ന്നു കളിച്ച കേരള വനിതകള്‍ തുടര്‍ച്ചയായി അഞ്ചു ഗോളുകള്‍ യുപിയുടെ വലയിലേക്ക് എറിഞ്ഞു കയറ്റുകയായിരുന്നു. എന്നാല്‍ പുരുഷ വിഭാഗത്തിലെ പൂള്‍ എയിലെ മത്സരത്തില്‍ കേരളം ദല്‍ഹിയോടു ദയനീയമായി പരാജയപ്പെട്ടു. പ്രതിരോധം പാളിയ മത്സരത്തില്‍ 34 നെതിരെ 23 ഗോളുകള്‍ മാത്രമാണു കേരളത്തിനു നേടാനായത്. കളിയുടെ മുഴുവന്‍ സമയവും കുറഞ്ഞത് 10 ഗോളിന്റെ ലീഡ് നിലനിര്‍ത്തിയ ദല്‍ഹി മത്സരം സ്വന്തമാക്കുകയായിരുന്നു ദല്‍ഹിക്കുവേണ്ടി ദേവീന്ദര്‍ സിങ് ഒന്‍പത് ഗോളുകള്‍ നേടിയപ്പോള്‍ കേരളത്തിന്റെ വി.എസ്. മുഹമ്മദും ശിവയും ആറു ഗോളുകള്‍ വീതം നേടി. വനിതാ വിഭാഗത്തിലെ മറ്റു മത്സരങ്ങളില്‍ ഹരിയാന മഹാരാഷ്ട്രയെയും ഡല്‍ഹി തമിഴ്‌നാടിനെയും പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തില്‍ പഞ്ചാബ് കര്‍ണാടകയെയും പരാജയപ്പെടുത്തി. ഔട്ടോ ഡോറില്‍ പരിശീലനം നടത്തിയ ടീം ഇന്‍ഡോറില്‍ കളിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടാകുമെന്നും എന്നാലും താരങ്ങളെല്ലാം ആത്മവിശ്വാസത്തിലാണെന്നും കോച്ച് ഫിലിപ് തോമസ് പറഞ്ഞു. ആലപ്പുഴയില്‍ 50 ദിവസത്തെ തുടര്‍ച്ചയായ പരിശീലനം കിട്ടിയിട്ടുണ്ട്. മെഡല്‍ പ്രതീക്ഷ കൈവിടുന്നില്ല. സര്‍വീസസും ദല്‍ഹിയും ശക്തരായ എതിരാളികളാണ്. എങ്കിലും 50 ദിവസം പരീശീലനം ലഭിച്ചതിന്റെ ആത്മവിശ്വാസം ഓരോ കളിക്കാരനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ ടീമും മത്സരത്തിന് സജ്ജമാണ്. കൃത്യമായ പരിശീലനം താരങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. മെഡല്‍ പ്രതീക്ഷയിലാണു ടീം ഇനി കോര്‍ട്ടിലിറങ്ങുന്നതെന്നു വനിത ടീം ചീഫ് കോച്ച് അജിത്ത് കുമാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.