കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് അന്തരിച്ചു

Monday 9 February 2015 12:57 am IST

ചേര്‍പ്പ്: വേദപണ്ഡിതന്‍ ബ്രഹ്മശ്രീ കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് ( 84) അന്തരിച്ചു. തന്ത്രവിദ്യാപീഠത്തിന്റെ കുലപതി,കുണ്ടൂര്‍  സ്മാരക അക്ഷരശ്ലോക  സദസിന്റെ സ്ഥാപക ഗുരു, ചേര്‍പ്പ് ചിന്മയ മിഷന്റെ  രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂത്ത്, കൂടിയാട്ടം, മേളങ്ങള്‍ എന്നിവയില്‍ വിദഗ്ധനായ ഇദ്ദേഹം അമേച്വര്‍ കഥകളി നടനും കൂടിയായിരുന്നു. തന്ത്രശാസ്ത്ര പ്രവീണനായ ഇദ്ദേഹം വേദം, സംസ്‌കൃതം എന്നിവയിലും പാണ്ഡിത്യം നേടിയിരുന്നു. കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും സീമന്ത പുത്രനായി ജനനം. ഇരുപതുവയസുവരെ വേദവും സംസ്‌കൃതവും തന്ത്രശാസ്ത്രവും പഠിച്ചു. പിതാവ് കൃഷ്ണന്‍ ഭട്ടതിരിയും കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടുമായിരുന്നു ഗുരുക്കന്മാര്‍. ഇതിനുശേഷം കോളെജില്‍ ചേര്‍ന്ന് ബിരുദങ്ങള്‍ നേടി. സിഎന്‍എന്‍ സ്‌കൂളുകളില്‍ 28 വര്‍ഷത്തെ സേവനത്തിനു ശേഷം തൃശൂരിലെ ത്രിവിക്രമ കോളെജില്‍ ഒന്‍പതു വര്‍ഷത്തോളം അധ്യാപകനായി തുടര്‍ന്നു. അക്ഷരശ്ലോകത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഭട്ടതിരിപ്പാട് നല്‍കിയ സേവനങ്ങള്‍ക്ക് തിരുവമ്പാടി കൃഷ്ണന്‍കുട്ടി( കുട്ടന്‍) സ്മാരക സുവര്‍ണ മുദ്ര സമ്മാനിച്ചിരുന്നു. ഭാര്യ: പരേതയായ ഷൊര്‍ണൂര്‍ കോഴിശ്ശേരി മനയിലെ ശ്രീദേവി അന്തര്‍ജ്ജനം. മക്കള്‍: ലത, കൃഷ്ണന്‍ഭട്ടതിരിപ്പാട്, പരേതയായ ഉഷ അന്തര്‍ജ്ജനം, സുധ,ഗൗരി, ശങ്കരന്‍ ഭട്ടതിരിപ്പാട്. മരുമക്കള്‍: നാരായണന്‍ നമ്പൂതിരിപ്പാട്, ഗിരിജ,ഡോ.സി.എന്‍.വി. മൂസ്,ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഡോ.പി.എ. ദാമോദരന്‍, ദേവി. സംസ്‌കാരം ഇന്നു രാവിലെ പത്തിന്. ശ്രേഷ്ഠനായ വ്യക്തിയും ആധ്യാത്മികരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയയാളുമായിരുന്നു കെ.പി.സി. ഭട്ടതിരിപ്പാടെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. തന്ത്രവിദ്യാപീഠത്തിന്റെ രക്ഷാധികാരി എന്ന നിലയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള മാര്‍ഗ്ഗദര്‍ശനങ്ങള്‍ അവിസ്മരണീയമാണ്. തന്ത്രശാസ്ത്രരംഗത്തെ ഒരു കുലപതിയെയാണ് നഷ്ടമായിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.