പാമോയില്‍ കേസില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

Wednesday 29 June 2011 3:51 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാമോയില്‍ കേസ് സംബന്ധിച്ച ചോദ്യം ഒഴിവാക്കിയ സാഹചര്യത്തിലാണ് ചട്ടം 49 പ്രകാരം അരമണിക്കൂര്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച കത്ത് സ്പീക്കര്‍ക്ക് നല്‍കിയത്. നേരത്തെ സഭയില്‍ പാമോലിന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം പരാതി നല്‍കിയിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് പാമോയില്‍ കേസ് സംബന്ധിച്ച ചോദ്യം ഒഴിവാക്കിയതെന്നായിരുന്നു സ്പീക്കര്‍ നല്‍കിയ വിശദീകരണം.