ബാര്‍ കോഴ: രാജ്കുമാര്‍ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തി

Monday 9 February 2015 8:09 pm IST

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. നാലു മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്നുള്ള രാജ്കുമാര്‍ ഉണ്ണിയുടെ സംഭാഷണമടങ്ങുന്ന ശബ്ദരേഖ ബിജു രമേശ് വിജിലന്‍സിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്കുമാറിന്റെ മൊഴിയെടുത്തത്. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എം. സുകേശന് മുമ്പാകെയാണ് മൊഴി നല്‍കിയത്. കൂടാതെ, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.എം. കൃഷ്ണദാസിന്റെ മൊഴിയും ഇന്നലെ വിജിലന്‍സ് രേഖപ്പെടുത്തി. മന്ത്രി കെ.എം.മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കിയെന്ന ആരോപണം രാജ്കുമാര്‍ ഉണ്ണി നേരത്തെ നിഷേധിച്ചിരുന്നു. മാണിക്ക് പണം നല്‍കിയ സംഘത്തില്‍ രാജ്കുമാര്‍ ഉണ്ണിയും ഉള്‍പ്പെട്ടിരുന്നുവെന്ന് ബിജു രമേശ് പലപ്രാവശ്യം ആരോപണമുന്നയിച്ചെങ്കിലും മൊഴി നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. എന്നാല്‍, മാണിക്ക് പുറമേ മറ്റു നാലു മന്ത്രിമാര്‍ക്കും പണം നല്‍കിയെന്ന് രാജ്കുമാര്‍ പറയുന്ന ശബ്ദ രേഖ ബിജു വിജിലന്‍സിന് കൈമാറിയ പശ്ചാത്തലത്തിലാണ് ഇയാള്‍ മൊഴി നല്‍കിയത്. നേരത്തെ രാജ്കുമാര്‍ രണ്ടു തവണ മൊഴി നല്‍കാന്‍ എത്താമെന്ന് അറിയിച്ചെങ്കിലും നല്‍കിയിരുന്നില്ല. ബിജു രമേശ് ശബ്ദരേഖ പുറത്തുവിട്ടതോടെ മൊഴി നല്‍കുന്നത് വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിന് വിജിലന്‍സ് നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം തൃശൂരിലെ ബാറുടമകളായ നാരായണന്‍ ദാസ്, പത്മദാസ്, കേശവ് എന്നിവരും വിജിലന്‍സിനു മൊഴി നല്‍കി. ബാറുകളുമായി ബന്ധപ്പെട്ട നിയമ നടപടികളുടെ ഭാഗമായാണ് പണം കൈമാറിയതെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് കോഴ നല്‍കാന്‍ അസോസിയേഷന്‍ പണം നല്‍കിയിട്ടില്ലെന്നും ഇവര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.