കോമളപുരം സ്പിന്നിങ് മില്‍ നോക്കുകുത്തിയായി മാറി

Monday 9 February 2015 9:56 pm IST

ആലപ്പുഴ: ഏറെ കൊട്ടിഘോഷിച്ച് കോമളപുരം സ്പിന്നിങ് മില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഉദ്ഘാടനം ചെയ്തിട്ട് നാലു വര്‍ഷമാകുന്നു, എന്നാല്‍ ഇതുവരെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടികളുടെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പൂട്ടിക്കിടക്കുന്ന കമ്പനി പരിരക്ഷിക്കുവാന്‍ മുടക്കുന്നത് ലക്ഷങ്ങള്‍. 2011 ഫെബ്രുവരി 15നാണ് മുന്‍ ഇടതുസര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ പോലും ലഭിക്കാതെ ഉദ്ഘാടന മാമാങ്കം നടത്തിയത്. മില്ല് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഒന്നും പൂര്‍ത്തീകരിക്കാതെയാണ് ഉദ്ഘാടനം നടന്നത്. വെള്ളം, ഫയര്‍ ആന്‍ഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്, പഞ്ഞിയും നൂലും സൂക്ഷിക്കാന്‍ ഗോഡൗണ്‍, ഉത്പന്നം സൂക്ഷിക്കാനും വിപണനം നടത്താനും സംവിധാനം, ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ കെട്ടിടം, തൊഴിലാളികള്‍ക്ക് മൂത്രപ്പുര തുടങ്ങിയവയൊന്നും ഇല്ലാതായിരുന്നു ഉദ്ഘാടനം. പഴയ തൊഴിലാളികള്‍ക്ക് നിയമനം നല്‍കേണ്ടിവരുമെന്ന നിലയില്‍ കോടതി ഉത്തരവുകള്‍ വന്നതോടെ യുഡിഎഫ് സര്‍ക്കാരും മില്ല് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയി.  കഴിഞ്ഞ സര്‍ക്കാര്‍ 40 കോടി മുടക്കി സ്ഥാപിച്ച പ്ലാന്റും മെഷീനറിയും ഇപ്പോള്‍ തുരുമ്പു പിടിച്ചും ഗ്യാരണ്ടി കാലാവധി കഴിഞ്ഞും പ്രവര്‍ത്തനരഹിതമായി. ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന കമ്പനി സൂക്ഷിക്കുവാന്‍ പ്രതിവര്‍ഷം 36 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. നിലതുടര്‍ന്നാ ല്‍ മുടക്കുമുതല്‍ തീരാന്‍ കാലം ഏറെ വേണ്ടിവരില്ല. കമ്പനി വീണ്ടും കടക്കെണിയിലാകും. ഉള്ളത് വിറ്റു തുലച്ച് കടം തീര്‍ക്കേണ്ട ഗതികേടാകും സ്ഥാപനത്തിനുണ്ടാകുക. സ്‌പെഷ്യല്‍ ഓഫീസര്‍മാരെ മാറിമാറി നിയമിച്ച് ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിന് സര്‍ക്കാരിന് യാതൊരു മടിയുമില്ല. പഴയ കമ്പനിയിലെ തൊഴിലാളികളെ ആദ്യം നിയമിക്കണമെന്നും പിന്നീട് മാത്രമേ മറ്റു നിയമനങ്ങള്‍ പാടുള്ളൂവെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും മാറിമാറി നിയമനങ്ങള്‍ നടത്തി. എഐടിയുസി ഇതിനെതിരെ കോടതി അലക്ഷ്യത്തിന് കേസ് നല്‍കി. ഹൈക്കോടതി ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ എംഡിക്കെതിരെ കോടതി അലക്ഷ്യ കുറ്റത്തിന് വിചാരണ നടത്താന്‍ ഉത്തരവായി. നല്ല രീതിയില്‍ ഉത്പാദനം നടത്തി ലാഭകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് അധികൃതരുടെ അനാസ്ഥയില്‍ നോക്കുകുത്തിയായി മാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.