കേരളാ കോണ്‍ഗ്രസ് എമ്മിനുള്ളില്‍ പി.സി. ജോര്‍ജ്ജിനെതിരെ പടയൊരുക്കം

Monday 9 February 2015 10:38 pm IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിനുള്ളില്‍ വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജിനെതിരെ പടയൊരുക്കം. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകള്‍ നടത്തിയ പി.സി. ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് വിവിധ നിയോജകമണ്ഡലം കമ്മറ്റികളില്‍ പ്രമേയം പാസ്സാക്കിയാണ് മാണി വിഭാഗം ജോര്‍ജ്ജിനെതിരെ കരുക്കള്‍ നീക്കുന്നത്. ബാറുടമകളില്‍നിന്ന് ഒരു കോടിരൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് വിഷമത്തിലായ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിക്ക് അനുകൂലമായ നിലപാടുകളല്ല പാര്‍ട്ടി വൈസ് ചെയര്‍മാന്റേതെന്ന് നേതാക്കള്‍ക്കുതന്നെ അഭിപ്രായമുണ്ട്. കെ.എം. മാണി മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പകരം മകന്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കില്ലെന്നും കേരളാ കോണ്‍ഗ്രസ്സില്‍ മന്ത്രിമാരാകാന്‍ യോഗ്യരായവര്‍ വേറെയുണ്ടെന്നും നേരത്തെ പി.സി. ജോര്‍ജ്ജ് പറഞ്ഞത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. കെ.എം. മാണി രാജിവയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതിന് പി.സി. ജോര്‍ജ്ജാണ് ഉത്തരവാദിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍തന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. ആരോപണത്തെ കെ.എം. മാണിതന്നെ തള്ളിക്കളയുകയും പി.സി. ജോര്‍ജ്ജിന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കേണ്ട എന്ന മട്ടില്‍ അഭിപ്രായപ്രകടനം നടത്തുകയും ചെയ്തത് പ്രശ്‌നം ഒട്ടൊന്ന് ശമിച്ചപ്പോഴാണ് ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം. മാണി എത്തിയാല്‍ പ്രതിപക്ഷം തീര്‍ക്കുന്ന ചോരപ്പുഴ നീന്തിക്കടക്കാന്‍ തനിക്കാവില്ലെന്ന പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവന പുറത്തുവന്നത്. കേരള കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ പി.സി. ജോര്‍ജ്ജിനെതിരെ പാര്‍ട്ടിക്കുള്ളില്‍തന്നെ പ്രതിഷേധവും എതിര്‍പ്പും രൂപപ്പെടുത്തിയെടുക്കാന്‍ മാണിവിഭാഗം ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ടയിലും എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലുമെല്ലാം പി.സി. ജോര്‍ജ്ജിനെതിരെ പ്രതിഷേധ പ്രമേയം അവതരിപ്പിക്കപ്പെട്ടതെന്ന് സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും കേരളാ കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസ്സുമായ് ഉരസലുണ്ടാകുവിധമുള്ള പ്രസ്താവനകള്‍ പി.സി. ജോര്‍ജ്ജ് നടത്തിയിരുന്നു. സോളാര്‍ കേസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ പ്രസ്താവനകള്‍ നടത്തുകയും പി.സി. ജോര്‍ജ്ജിന്റെ കോലം യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വിവിധയിടങ്ങളില്‍ കത്തിക്കുംവരെ പ്രതിഷേധം വളരുകയും ചെയ്തു. ഇത്തരത്തില്‍ യുഡിഎഫിനുള്ളില്‍ കെ.എം. മാണിയുടെയും കേരളാ കോണ്‍ഗ്രസ്സിന്റെയും നില പരുങ്ങലിലാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്ന പി.സി. ജോര്‍ജ്ജിനെ നിലക്ക് നിര്‍ത്തണമെന്ന മാണി വിഭാഗത്തിന്റെ പൊതുവികാരം പ്രതിഷേധ പ്രമേയങ്ങളിലൂടെ പുറത്തുവരുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. ബാര്‍കോഴ വിവാദത്തില്‍ തന്നെ കുടുക്കിയത് യുഡിഎഫിനുള്ളില്‍തന്നെ ഉള്ളവരാണെന്ന് കെ.എം. മാണി അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാതെ പൂഴ്ത്തിവച്ചിരിക്കുകയാണ്. ബാര്‍ കോഴ ആരോപണം വന്നപ്പോള്‍തന്നെ ഇതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പുമാണെന്ന ആക്ഷേപവുമായി പി.സി. ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ആരോപണത്തില്‍നിന്ന് പി.സി. ജോര്‍ജ്ജ് പിന്‍വാങ്ങി. കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പുകാരാണ് ബാര്‍കോഴ കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നു. കേരളാ കോണ്‍ഗ്രസ് (എം) ഔദ്യോഗികമായി ഇത് അംഗീകരിച്ചിട്ടില്ലെങ്കിലും പലരുടെയും മൗനം സമ്മതമായാണ് കണക്കാക്കുന്നത്. ഇതിനിടെ കേരളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രസ്താവനകള്‍ക്കെതിരെ പി.സി. ജോര്‍ജ്ജും രംഗത്തുവന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന. കേരളാ കോണ്‍ഗ്രസ്സില്‍നിന്നും പുറത്താക്കപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെതന്നെ ഒരുവിഭാഗത്തെകൂടെകൂട്ടി എല്‍ഡിഎഫില്‍ ചേക്കേറാമെന്നതാണ് പി.സി. ജോര്‍ജ്ജിന്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.