കൊച്ചിയും മെന്‍ലോപാര്‍ക്കും ഇരട്ട നഗരങ്ങളാകുന്നു

Monday 9 February 2015 11:08 pm IST

കൊച്ചി: അമേരിക്കയിലെ മെന്‍ലോ പാര്‍ക്കും കൊച്ചിയുമായി ട്വിന്‍സിറ്റി ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ നാളെ ഒപ്പു വക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി. ഇരട്ട നഗരം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെത്തിയ മെന്‍ലോ പാര്‍ക്ക് മേയര്‍ കാതറിന്‍ കാള്‍ട്ടണിനും സംഘാംഗങ്ങള്‍ക്കും കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍. നാളെ ഉച്ചയ്ക്ക് 2.45 മണിക്ക് ബഹു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കൊച്ചി നഗരവും മെന്‍ലോ പാര്‍ക്ക് നഗരവും പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രം ഒപ്പ് വയ്ക്കും. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു നഗരം മെന്‍ലോ പാര്‍ക്കുമായി സഹകരിക്കുന്നത്. മെന്‍ലോ പാര്‍ക്കുമായുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറിലൂടെ അവിടുത്തെ പൗരന്മാരുമായുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുള്ള രൂപരേഖകളും തയ്യാറാക്കുന്നുണ്ട്. മെന്‍ലോ പാര്‍ക്കുമായി ഇരട്ടനഗരം ബന്ധം സ്ഥാപിക്കുന്നത് നഗരത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക, വിവരസാങ്കേതിക, വിനോദസഞ്ചാരമേഖലകളിലടക്കം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് മേയര്‍ ചമ്മണി പറഞ്ഞു. മെന്‍ലോ പാര്‍ക്കിന്റെ സഹോദര്യൂഗരമാകുന്നത് കൊച്ചിയുടെ ബിസിനസ് ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജ് അടക്കമുള്ളവക്ക് അന്താരാഷ്ട്ര സ്വീകാര്യത നല്‍കുന്നതില്‍ മുഖ്യപങ്കുവഹിക്കും. ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മേയറും മെന്‍ലോ പാര്‍ക്ക് മുന്‍മേയറും അടങ്ങുന്ന സംഘം കേരളത്തിലെത്തിയിരിക്കുന്നത്. സിഹെഡ് ഡയറക്റ്റര്‍ ഡോ.രാജന്‍ ചേഡമ്പത്ത് കൊച്ചി നഗരത്തെ കുറിച്ചുള്ള വിശദമായ അവതരണവും മെന്‍ലൊ പാര്‍ക്ക് ്യൂനഗരത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള ആധുനിക സംവിധാനങ്ങളെ കുറിച്ച് മുകുള്‍ അഗര്‍വാളും വിദശമാക്കി. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍നടന്ന സ്വീകരണ സമ്മേളനത്തില്‍ ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, പ്രതിപക്ഷ നേതാവ് കെ. ജെ. ജേക്കബ്, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിവിധ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാന്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വി. ആര്‍. രാജു, അഡീഷണല്‍ സെക്രട്ടറി അനൂജ, എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കൊച്ചിയും മെന്‍ലോ പാര്‍ക്കും തമ്മില്‍ സഹകരിക്കാവുന്ന വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ദീര്‍ഘകാല ബന്ധം സ്ഥാപിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മെന്‍ലോ പാര്‍ക്ക് മേയര്‍ കാതറിന്‍ കാള്‍ട്ടണ്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മേയര്‍. കൊച്ചിയുടെ ഐടി മേഖലക്കും വിദ്യാഭ്യാസ മേഖലക്കും കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. കൊച്ചിയുടെ പാരമ്പര്യവും, സംസ്‌കാരവും, വിവിധ മേഖലകളിലുള്ള മികച്ച പ്രകടനവും കണക്കിലെടുത്താണ് ഇരട്ടനഗരം പദ്ധതിക്കായി കൊച്ചിയെ തെരഞ്ഞെടുത്തത്. ഇരു നഗരങ്ങള്‍ക്കും അഭിമാനിക്കാവുന്ന നിരവധി വികസന പദ്ധതികളാണ് ഇരട്ടനഗരം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നിരവധി തൊഴില്‍ അവസരങ്ങള്‍ ഈ പ്രോഗ്രാമിലൂടെ കൊച്ചിക്ക് ലഭ്യമാകും. മെന്‍ലോ പാര്‍ക്ക് മുന്‍മേയറും കൗണ്‍സില്‍ അംഗവുമായ റേമുള്ളര്‍, മുകുള്‍ അഗര്‍വാള്‍, സ്റ്റാര്‍ട്ട് അപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ കൊച്ചി മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.