ആധ്യാത്മിക സംസ്‌കാരം

Tuesday 10 February 2015 8:49 pm IST

ഒരാളുടെ അസ്തിത്വത്തിന്റെ അന്തസ്സത്തയേയാണ് ഹൃദയം പ്രതിനിധാനം ചെയ്യുന്നത്. അത് പ്രകൃതിയുടെ ഒരു വിഭാഗത്തില്‍മാത്രം പെട്ടതല്ല. ഹൃദയം ഈശ്വരന്റെ ആസ്ഥാനമാണ്. അത് സര്‍വവിധ ഗുണോല്‍ക്കര്‍ഷങ്ങളുടേയും പ്രഭവസ്ഥാനമാണ്. ഹൃദയമെന്നാല്‍ സത്യവസ്തുവിന്റെയും ഈശ്വരന്റെയും ആസ്ഥാനമാണ്. പരിപൂര്‍ണതയുടെ കല്യാണഗുണങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഹൃദയം എന്നര്‍ത്ഥം. തന്മൂലം ഹൃദയവിജ്ഞാനം സത്യാനുഭൂതിയേയും ആത്മദര്‍ശന പ്രാപ്തിയേയും മഹത്തായ ധാര്‍മ്മിക തത്വജ്ഞാനത്തേയും സൂചിപ്പിക്കുന്നു. ശരീരത്തിനും വികാരങ്ങളുടേയും സങ്കല്‍പങ്ങളുടെയും മേഖലയ്ക്കുപരി ഉയര്‍ന്ന് ഹൃദയമെന്നപദംകൊണ്ട് അര്‍ത്ഥമാക്കുന്ന ആത്മബോധത്തിന്റെ മണ്ഡലത്തില്‍ നിങ്ങള്‍ എത്തണം. പ്രശാന്തത സുസ്ഥിരത സമചിത്തത എന്നീ അവസ്ഥകളും ധീരത എന്ന ഗുണവും ശാന്തിയുടെ അനുഭൂതിയും എല്ലാ ഹൃദയങ്ങളിലും സുപ്രതിഷ്ഠമാകുമ്പോള്‍ മാത്രമേ ഈശ്വരനും സാദ്ദ്യമാവു. അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പുരാതന ഋഷീശ്വരന്മാരുടെ ആദ്ധ്യാത്മിക സംസ്‌കാരം പ്രതിബിംബമായിരിക്കും. പ്രജ്ഞ വിഷയനിഷ്ഠമാകുമ്പോള്‍ മനസ്സ് പ്രവര്‍ത്തനനിരതമാകുന്നു. അത് പ്രതിഫലനങ്ങളെ ഉള്‍ക്കൊള്ളുന്നു. അപ്പോള്‍ വിഷയങ്ങളെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യുന്ന വികാരങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയിലാണ് ഒരാള്‍ മാനസിക ജീവിയാകുന്നത്. അയാള്‍ വികാരങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിമയായും ബഹിര്‍മുഖനായും തീരുന്നു. ഹൃദയത്തില്‍ നിന്നകന്നു വര്‍ത്തിക്കുന്നു. മനോവൃത്തികളെ അനുസരിച്ച് ജീവിക്കുന്നു. അയാളുടെ ആത്മാവലംബനം നഷ്ടപ്പെടുന്നു. ശക്തിയോ സ്ഥിരതയോ ഇല്ലാത്തവനായിത്തീരുന്നു. പ്രജ്ഞയെ അന്തര്‍മുഖമാക്കി ഇന്ദ്രിയവിഷയങ്ങളില്‍നിന്ന് മനസ്സിനെ പിന്‍വലിച്ച് വിഷയങ്ങളോടും വ്യക്തികളോടും ചുറ്റുപാടുകളോടും ജീവിതസംഭവങ്ങളോടും വൈകാരികമായി ബന്ധപ്പെടാതെ വര്‍ത്തിക്കുമ്പോഴാണു ഒരാള്‍ യഥാര്‍ത്ഥ സാധകനാകുന്നത്. അപ്പോള്‍ അവര്‍ ഈശ്വരാഭിമുഖമായി ശരിയായ പഥത്തില്‍ ചരിക്കുകയാണ്. ആരുമായും എന്തുമായും ജീവിതത്തിലെ ഒരു സംഭവമോ അവസ്ഥയോ ആയും ബന്ധം പുലര്‍ത്താതെ നിരന്തരം ഈശ്വരനെ തേടുകയുംസേവിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ നിങ്ങള്‍ യഥാര്‍ത്ഥ സാധകരായിത്തീരുകയുള്ളൂ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.