പോലീസുകാരനെ കുത്തി രക്ഷപെടാന്‍ റിമാന്റ് പ്രതിയെ പിടികൂടി

Tuesday 10 February 2015 9:20 pm IST

കായംകുളം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന റിമാന്റ് പ്രതി പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. മാലമോഷണക്കേസിലെ പ്രതിയായ പുതുപ്പള്ളി സ്വദേശിയായ മല്ലിസുരേഷാണ് കായംകുളം സ്റ്റേഷനിലെ പോലീസുകാരന്‍ സനല്‍കുമാറിനെ സോഡാകുപ്പി പൊട്ടിച്ച് കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. കല്ലുമൂടിന് സമീപം വീട്ടമ്മയുടെ മാലപൊട്ടിച്ച കേസില്‍ റിമാന്റിലായിരുന്ന സുരേഷിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതിനുശേഷം തിരികെ കൊണ്ടുവരുമ്പോള്‍ എബനേസര്‍ ഹോസ്പിറ്റലിന് സമീപം ഇയാള്‍ പോലീസുകാരായ സനല്‍കുമാറിനേയും, രാജ്കുമാറിനേയും ആക്രമിക്കുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ സമീപത്തുള്ള കടയിലിരുന്ന സോഡാകുപ്പി എടുത്ത് പൊട്ടിച്ച് സനല്‍കുമാറിന്റെ കൈയ്ക്ക് കുത്തുകയായിരുന്നു.  തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മല്ലിസുരേഷ് സ്വന്തം ശരീരത്ത് സോഡാക്കുപ്പി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവം അറിഞ്ഞ് കായംകുളം എസ്‌ഐയും സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. സനല്‍കുമാറിനെ പിന്നീട് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.