ദല്‍ഹിയില്‍ ആം ആദ്മി

Wednesday 11 February 2015 12:46 am IST

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിന്റെ രഹസ്യപിന്തുണയോടെ മല്‍സരിച്ച അരവിന്ദ് കേജ്‌രിവാളിന്റെ  ആംആദ്മി പാര്‍ട്ടിക്ക് വന്‍വിജയം. 70 സീറ്റുകളില്‍ 67 എണ്ണവും അവര്‍ കരസ്ഥമാക്കി. ബിജെപിക്ക് മൂന്നു സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. കോണ്‍ഗ്രസിന് ഒരു സീറ്റുമില്ല. അരവിന്ദ് കേജ്‌രിവാള്‍ ശനിയാഴ്ച രാം ലീലാ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. നല്ല മുഖ്യമന്ത്രിയാകാന്‍ കഴിയട്ടെയെന്ന് ആശംസിച്ച മോദി ദല്‍ഹിയുടെ സമഗ്ര വികസനത്തിന്  കേജ്‌രിവാളിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തനിക്കൊപ്പം ചായ കുടിക്കാന്‍ അദ്ദേഹം കേജ്‌രിവാളിനെ ക്ഷണിക്കുകയും ചെയ്തു. കഴിയുന്നത്ര വേഗം താന്‍ പ്രധാനമന്ത്രിയെ കാണുമെന്ന് കേജ്‌രിവാള്‍ മറുപടിയും നല്‍കി. രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍  ആം ആദ്മിക്കായിരുന്നു ലീഡ്. കേജ്‌രിവാള്‍ ഇത് രണ്ടാം തവണയാണ് ദല്‍ഹി മുഖ്യമന്ത്രിയാകുന്നത്. മുന്‍പ് 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി അധികാരത്തില്‍ വന്നെങ്കിലും 49 ദിവസത്തെ ഭരണത്തിനുശേഷം കേജ്‌രിവാള്‍ രാജിവെച്ചു പോയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീടു നടന്ന ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിലും തോറ്റുതുന്നംപാടിയ കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ ആദ്മിയുമായി രഹസ്യധാരണയാണ്ടാക്കുകയും അവര്‍ക്ക് വോട്ട് മറിച്ചുനല്‍കുകയുമായിരുന്നു. 2013ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 24.55 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇക്കുറി 9.8  ശതമാനം വോട്ടേ നേടാനായുള്ളുവെന്നതാണ് ബിജെപിക്കെതിരെ ഇവര്‍ ആം ആദ്മിയുമായി ചേര്‍ന്നുവെന്നതിന് തെളിവ്. മാത്രമല്ല ഇക്കുറി തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടാന്‍ സാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ പറഞ്ഞതും ആം ആദ്മിയെപ്പോലൊരു പ്രതിപക്ഷ പാര്‍ട്ടി വേണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞതും ഈ രഹസ്യധാരണയിലേക്കാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 29.49 ശതമാനം വോട്ട് ലഭിച്ച ആം ആദ്മിക്ക് ഇക്കുറി 54.3 ശതമാനം വോട്ടാണ് കിട്ടിയത്. കോണ്‍ഗ്രസിന്റെ 18 ശതമാനം വോട്ടുകൂടി കിട്ടിയതാണ് കാരണം. ബിജെപിക്ക് ഇത്തവണ 32.10 ശതമാനം വോട്ടുകിട്ടിയെന്നാണ് കണക്കുകള്‍. വോട്ട് ശതമാനത്തില്‍ നേരിയ കുറവ് വന്നെങ്കിലും യഥാര്‍ഥത്തില്‍ ബിജെപിക്ക് വോട്ട് കൂടുകയാണ് ചെയ്തത്. 2013ല്‍ 26,04100 വോട്ടാണ് ബിജെപിക്ക് കിട്ടിയത്. ഇക്കുറി 27,79810 വോട്ടും. ഒന്നേമുക്കാല്‍ ലക്ഷം വോട്ട് കൂടുതല്‍. മോദിക്കും സര്‍ക്കാരിനും എതിരായ വിഷലിപ്തമായ പ്രചാരണത്തിലൂടെ  ന്യൂനപക്ഷ വോട്ടുകളും ഒന്നടങ്കം ആം ആദ്മിക്ക് ലഭ്യമാക്കി. ആം ആദ്മിയുടെ എല്ലാ നേതാക്കളും വിജയിച്ചു. കേജ്‌രിവാള്‍ 30,000 ഓളം വോട്ടുകള്‍ക്കാണ് ബിജെപിയുടെ നൂപുര്‍ ശര്‍മ്മയെ തോല്‍പ്പിച്ചത്. വിജേന്ദര്‍ ഗുപ്ത, ഓം പ്രകാശ് ശര്‍മ്മ, ജഗദീഷ് പ്രധാന്‍ എന്നീ ബിജെപി നേതാക്കളാണ് വിജയിച്ചത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കനും തോറ്റ പ്രമുഖരില്‍ പെടുന്നു. മാക്കന് കെട്ടിവച്ച കാശും പോയി. കനത്ത തോല്‍വിയെത്തുടര്‍ന്ന് മാക്കന്‍ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു മാക്കന്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിക്കും കെട്ടിവച്ച കാശുപോയി. മൊത്തം 53 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച തുക നഷ്ടമാകുന്നത്. ഇന്നലെ വൈകിട്ട് കോണ്‍സ്റ്റിറ്റിയൂഷന്‍ കഌബ്ബില്‍ നടന്ന നിയമസഭാ കക്ഷിയോഗം കേജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തുടര്‍ന്ന് കേജ്‌രിവാള്‍ നേതാക്കള്‍ക്കൊപ്പം ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജങ്ങിനെ കണ്ട് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. ഇന്ന് രാവിലെ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.