കൃഷ്ണപിള്ള സ്മാരകം; തുടരന്വേഷണം ഇനി സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം

Thursday 12 February 2015 12:23 am IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം സിപിഎമ്മുകാര്‍ തന്നെ കത്തിച്ച കേസിന്റെ തുടരന്വേഷണം സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം മാത്രം മതിയെന്ന് രഹസ്യധാരണ. ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള 'അഡ്ജസ്റ്റ്‌മെന്റു'കള്‍ പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം കത്തിച്ച കേസിലും തുടരുകയാണ്. സിപിഎമ്മുകാരായ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങിയശേഷം അന്വേഷണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ഭരണകക്ഷിക്കും സിപിഎമ്മിനും താത്പര്യമില്ലാത്ത കേസില്‍ വെറുതെ 'റിസ്‌ക്ക്' എടുക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം നീങ്ങിയാല്‍ സിപിഎമ്മിലെ പല പ്രമുഖരും  കുടുങ്ങുമെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ സംസ്ഥാന സമ്മേളനം കഴിയും വരെയെങ്കിലും തുടരന്വേഷണം ഉണ്ടാകില്ലെന്ന ഉറപ്പ് സിപിഎം ഉന്നതര്‍ക്ക് ഭരണപക്ഷം നല്‍കിക്കഴിഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ സ്മാരകം കത്തിച്ച പി. കൃഷ്ണപിള്ളയുടെ നാമധേയമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടക്കുന്ന ഹാളിന് നല്‍കിയിട്ടുള്ളത്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോയിരുന്നെങ്കില്‍ കേന്ദ്ര കമ്മറ്റിയംഗം മുതല്‍ ജില്ലാക്കമ്മറ്റി അംഗം വരെയുള്ളവര്‍ ഇതിനകം ചോദ്യം ചെയ്യലിന് വിധേയരായി കഴിഞ്ഞേനെ. തോമസ് ഐസക് പക്ഷക്കാരനായ ജില്ലാക്കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്തതോടെ തന്നെ അപകടം മണത്ത പ്രമുഖര്‍ ഏതുവിധേനയും അന്വേഷണത്തിന് തടയിടുക എന്ന നിലപാടിലായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് അന്വേഷണ നീണ്ടാല്‍ ഭവിഷ്യത്ത് അറിയേണ്ടി വരുമെന്ന് കേസന്വേഷണത്തിന്റെ തുടക്കത്തില്‍ അന്വേഷണ സംഘത്തലവനെ സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഭീഷണിപ്പെടുത്തിയിരുന്നതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കലവൂര്‍ സ്വദേശി വേണുഗോപാലിനെ കൊന്ന കേസിലെ പ്രതിയായ ക്വട്ടേഷന്‍ സംഘാംഗമായ സിപിഎമ്മുകാരനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതും ഈ നേതാവായിരുന്നു. ഈ നേതാവിന്റെ ഇടപെടലോടെയാണ് ഉന്നതോദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി കൃഷ്ണപിള്ള കേസ് അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിച്ചത്. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം കുടുംബാംഗമായ തിലകന്‍ കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സിപിഎം സംസ്ഥാന സമ്മേളനം തുടങ്ങുന്ന ഈമാസം 20നാണ്. കോടതിയിലൂടെ തീരുമാനമായിരിക്കും ഈ കേസിലെ സുപ്രധാന വഴിത്തിരിവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.