ഭാരതത്തിനെതിരെ ഭീകരപ്രവര്‍ത്തനത്തിന് 10,595 കോടിയുടെ കള്ളപ്പണം

Thursday 12 February 2015 1:18 am IST

ന്യൂദല്‍ഹി: ഭാരതത്തിന് എതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ വിവിധ സംഘടനകളും മയക്കുമരുന്ന് മാഫിയയും വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത് 10595 കോടിയോളം രൂപ. ഇത് മുഴുവന്‍ കള്ളപ്പണമാണ്. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരവും കണ്ടെത്തിയത്. വിദേശ ബാങ്കുകളില്‍ ഭീകരരും ചോരപ്പണം സൂക്ഷിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള ഭീകരപ്രവര്‍ത്തനത്തിന് 2.4 ലക്ഷം കോടി (2.4 ട്രില്ല്യണ്‍)ഡോളറാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. വിവിധ ഭീകരസംഘടനകള്‍, കോടികളുടെ ഇടപാടുകള്‍ നടത്തുന്ന മയക്കുമരുന്ന് മാഫിയകള്‍ എന്നിവരാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നത്. യുഎന്‍ കണക്കില്‍ നിന്നുള്ള   വിവരങ്ങള്‍ ശേഖരിച്ച്  ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഭാരതത്തിന് എതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ 10595 കോടിയാണ് വകയിരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുള്ളത്. മയക്കുമരുന്ന്, ആയുധം എന്നിവയുടെ കടത്ത് കള്ളനോട്ട് അച്ചടി എന്നിങ്ങനെ  പല മാര്‍ഗങ്ങളിലൂടെയാണ് ഇതിനുള്ള പണം ഉണ്ടാക്കുന്നത്.ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക ഭീകരരും ഇതിലേക്ക് സംഭാവന നല്‍കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന  പണം വിദേശ ബാങ്കുകളുടെ ഏജന്റുമാര്‍ വന്നാണ് ശേഖരിക്കുന്നത്. ഭീകരരുടെ പണം വാങ്ങി സൂക്ഷിക്കുന്നതില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ എച്ച്എസ്ബിസിയുമുണ്ട്.സകല സ്രോതസുകളില്‍ നിന്നുമുള്ള പണവും ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും സ്രോതസ് അന്വേഷിക്കാതെ പണം വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു അവരുടെ മറുപടി. ഇങ്ങനെ അനവധി വിദേശ ബാങ്കുകള്‍ കുറ്റവാളികളുടേയും ഭീകരരുടെയും കോടികള്‍ വാങ്ങി നിക്ഷേപിച്ച് സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. വിവരം പുറത്താകില്ലെന്ന പരിപൂര്‍ണ്ണവിശ്വാസത്തിലാണ് ഭീകരര്‍ പണം ഇത്തരം ബാങ്കുകളില്‍ ഇടുന്നത്. ഇടനിലക്കാര്‍ വഴിയാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. ഇടനിലക്കാര്‍ വന്ന് വ്യാജക്കമ്പനികളുടെ പേരില്‍ അക്കൗണ്ട് തുറക്കും. വ്യാജരേഖകളാണ് ഇവര്‍ നല്‍കുന്നതും. ഇത് മിക്ക ബാങ്കുകാര്‍ക്കും അറിയാം. വര്‍ഷങ്ങളോളം ഇത്തരം അക്കൗണ്ടിലേക്ക് പണം ഒഴുകിക്കൊണ്ടിരിക്കും. ഒരു കമ്പനിയില്‍ നിന്ന് കൃത്യമായി പണം എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അന്വേഷകരും സംശയിക്കില്ല. അന്വേഷണം മുറുകുമ്പോള്‍ മാത്രമേ കമ്പനി തന്നെ വ്യാജമായിരുന്നുവെന്ന് കണ്ടെത്തുകയുള്ളൂ. അപ്പോഴേക്കും  അക്കൗണ്ട് ശൂന്യമായിരിക്കും. വജ്രവിപണിയാണ് ഭീകരര്‍ പണമിറക്കുന്ന മറ്റൊരു മേഖല. അനധികൃതമായി ഉണ്ടാക്കുന്ന പണം ഭാരതത്തിലെ വജ്രവിപണിയില്‍ അവര്‍ നിക്ഷേപിക്കും. മുംബയ് ഭീകരാക്രണക്കേസിലെ അന്വേഷണത്തിലാണ് വജ്ര വിപണിയും ഭീകരപ്രവര്‍ത്തനവുമായുള്ള ബന്ധം ആദ്യമായി പുറത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.