തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ മെഡല്‍ ക്ഷാമങ്ങള്‍ക്ക് അറുത്തിവരുത്തി ഇന്നലെ കേരള താരങ്ങളുടെ മെഡല്‍ക്കൊയ്ത്ത്. ഇന്നലെ മാത്രം കേരളതാരങ്ങള്‍ വിവിധ മത്സരങ്ങളില്‍ നിന്നായി വാരിക്കൂട്ടിയത് 6 സ്വര്‍ണ്ണവും 8 വീതം വെള്ളിയും വെങ്കലവും. ഇതോടെ കേരളത്തിന്റെ അക്കൗണ്ടില്‍ 27 സ്വര്‍ണ്ണവും 31 വെള്ളിയും 36 വെങ്കലവുമടക്കം 94 മെഡലുകളായി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലൂം നിന്ന് ഇന്നലെ മാത്രം വാരിക്കൂട്ടിയത് രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും. വനിതകളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസും ലോങ്ജമ്പില്‍ നീന. വിയും പൊന്നണിഞ്ഞപ്പോള്‍ അനു രാഘവനും എം.എ. പ്രജുഷയും ഇതേയിനത്തില്‍ വെള്ളി നേടി. വനിതകളുടെ 100 മീറ്ററില്‍ നിശാന്തിനി. വിയും പോള്‍വോള്‍ട്ടില്‍ ദിജ. കെ.സിയും പുരുഷന്മാരുടെ 1500 മീറ്ററില്‍ സജീഷ് ജോസഫും വെള്ളി നേടി. പോള്‍വോള്‍ട്ടില്‍ സിഞ്ജു പ്രകാശാണ് ഇന്നലെ വെങ്കലം നേടിയത്.
സൈക്ലിംഗില്‍ ഇന്നലെ ഒരു സ്വര്‍ണ്ണവും വെള്ളിയും നേടിയാണ് കേരളം മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. കനോയിങ് ആന്റ് കയാക്കിങ്ങിലുമായി കേരളം ഒന്നുവീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടി. വനിതകളുടെ ൈസക്ലിംഗ് മൂന്ന് കിലോമീറ്റര്‍ വ്യക്തിഗത പേസ്യൂട്ടില്‍ ടി.പി. അഞ്ജിതയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 500 മീറ്റര്‍ ടൈം ട്രയലില്‍ കെസിയ വര്‍ഗീസാണ് ഇന്നലെ സൈക്ലിംഗില്‍ കേരളത്തിനായി വെള്ളി നേടിയത്. ഇതുവരെയായി ഈയിനത്തില്‍ നിന്ന് മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.
സൈക്ലിംഗിലെ നേട്ടത്തിന് പിന്നാലെ കനോയിങ്ങിലും കേരളം ഇരട്ട സ്വര്‍ണ്ണമണിഞ്ഞു. വനിതകളുടെ 500 മീറ്റര്‍ സി 4 കനോയിങ്ങില്‍ സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ്, നിത്യ കുര്യാക്കോസ് എന്നിവരടങ്ങിയ ടീമും 500 മീറ്റര്‍ വനിതകളുടെ സിംഗിള്‍സ് കനോയിങില് നിത്യ കുര്യാക്കോസും സ്വര്‍ണം നേടി. ഇതോടെ നിത്യ ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. പുരുഷന്മാരുടെ കയാക്കിങ് 500 മീറ്റര്‍ കെ ഫോറില്‍ വിഷ്ണു രഘുനാഥ്, പ്രസന്നകുമാര്‍, രഞ്ജിത്, ഇ.കെ. സാജു എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. വനിതകളുടെ 500 മീറ്റര്‍ ഡബിള്‍ കയാക്കില്‍ മിനിമോള്‍ കുട്ടപ്പനും അനുഷ ബിജുവുമാണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ 500 മീറ്റര്‍ കനോയിങില് ജോസഫ് ഫ്രാന്‍സിസ്, സയ്മണ്‍ സിംഗ്, വിനു ബാബു, ഹിരണ്‍ കാര്ത്തികേയന് എന്നിവരടങ്ങിയ ടീമും വെങ്കലം നേടി.
ഫെന്‍സിംഗിലും കേരളം ഇന്നലെ സ്വര്‍ണ്ണവും വെങ്കലവും സ്വന്തമാക്കി. വനിതാ ടീമാണ് ഫെന്‍സിങ് എപ്പിയില്‍ സ്വര്‍ണം നേടിയത്. വി.പി. ദില്‍ന, സ്റ്റെഫിത ചാലില്‍, പി.എ. അമ്പിളി, പി.കെ. അശ്വതിരാജ് എന്നിവരടങ്ങിയ ടീം മണിപ്പൂരിനെയാണ് തോല്പിച്ചത്. പുരുഷന്മാരുടെ ഫോയില്‍ ടീം വിഭാഗത്തില്‍ കേരളത്തിന് വെങ്കലം. സെമിയില്‍ സര്‍വീസസിനോട് തോറ്റാണ് കേരളം വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടത്.
വനിതകളുടെ 60 കി.ഗ്രാം ബോക്സിംഗില്‍ സെമിയില്‍ പ്രവേശിച്ച് മീനാകുമാരിയും മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. മെഡല്‍ വേട്ടയില്‍ എതിരാളികള്‍ക്ക് പിടികൊടുക്കാതെ സര്‍വ്വീസസ് കുതിക്കുകയാണ്. 68 സ്വര്‍ണ്ണവും 19 വെള്ളിയും 22 വെങ്കലവുമടക്കം 109 മെഡലുകളാണ് അവര്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 30 സ്വര്‍ണ്ണവും 26 വെള്ളിയും 17 വെങ്കലവുമടക്കം 103 മെഡലുകളുമായി ഹരിയാന രണ്ടാമതും 27 സ്വര്‍ണ്ണം 40 വെള്ളി 36 വെങ്കലം അടക്കം 103 മെഡലുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: