കോട്ടയം: ക്ഷേത്ര പ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ജനസമൂഹം 1924 മാര്‍ച്ച് 30ന് നടത്തിയ വൈക്കം സത്യഗ്രഹ സമരത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഹൈന്ദവ നവോത്ഥാന സമ്മേളനം സംഘടിപ്പിക്കുന്നു.
നവതി ആഘോഷ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം 16ന് രാവിലെ 10ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്യും.
വൈക്കം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള പുലയര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമി ഭദ്രദീപം പ്രോജ്ജ്വലിപ്പിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആമുഖപ്രഭാഷണം നടത്തും. സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി , പ്രണവാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍, സ്വാമി വേദാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ഗുരുപ്രസാദ്, സ്വാമി ധര്‍മ്മതീര്‍ത്ഥ, സ്വാമി സത്സ്വരൂപാനന്ദ മഹാരാജ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് നവതി സന്ദേശം നല്‍കും. വൈക്കം സത്യഗ്രഹികളുടെ പിന്തലമുറക്കാരെ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചടങ്ങില്‍ ആദരിക്കും.
മന്നത്ത് പത്മനാഭന്, ടികെ.മാധവന്, മഹാത്മാ അയ്യങ്കാളി എന്നിവരുടെ പിന്തലമുറക്കാരെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി.ആര്. വിനോദ്കുമാര്‍ ആദരിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍, സാമൂഹ്യ-സാമുദായിക-സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സമ്മേളനത്തിന് മുന്നോടിയായി വൈക്കം സത്യഗ്രഹികളായ മന്നത്ത് പത്മനാഭന്, ടി.കെ. മാധവന്, ആമയാടി തേവന്, രാമന് ഇളയത്, വേലുക്കുട്ടി അരയന്, ചിറ്റേടത്ത് ശങ്കുപിള്ള എന്നിവരുടെ വസതിയില്‍ നിന്നും ദീപശിഖാ പ്രയാണം നടത്തും.
പത്രസമ്മേളനത്തില്‍ നവതിയാഘോഷസമിതി ചെയര്മാന് എന്‍. കെ. നീലകണ്ഠന് മാസ്റ്റര്‍, വൈസ്ചെയര്‍മാന്‍ പി.എസ്. പ്രസാദ്, ജനറല്‍ കണ്‍വീനര്‍ എം.വി. ഉണ്ണികൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വി. ശിവദാസ്, ശ്രീകാന്ത് തിരുവഞ്ചൂര്‍, പൂഴിമേല്‍ രണരാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: