സഹജമായതേജസ്സ്

Thursday 12 February 2015 7:39 pm IST

സംസ്‌കാരത്തിന്റെ സ്വാധീനശക്തിയാണ് ആചാരങ്ങളിലും പെരുമാറ്റങ്ങളിലും സാമൂഹ്യമുറകളിലും പ്രതിഫലിക്കുന്നത്. അപ്പോള്‍ സംസ്‌കാരത്തിന്റെ നിര്‍വചനം എന്താണ്. സത്യം ജീവിതത്തെ നയിക്കുന്ന ധ്രുവനക്ഷത്രമായി തീരുമ്പോള്‍ എല്ലാ പ്രവൃത്തികളുടേയും പ്രചോദനം ഈശ്വരപ്രേമമാകുമ്പോള്‍ ആണ് ഒരാള്‍ അനശ്വരമായ ഭാരതീയ സംസ്‌കൃതിയെ പ്രതിനിധാനം ചെയ്യുന്നത്. ഈ സംസ്‌കാരത്തിന്റെ ഉറവിടം ഈശ്വരനാണ്. അതിനു നിസ്സാരങ്ങളായ പ്രാപഞ്ചികവിഷയങ്ങളുമായോ ക്ഷണികങ്ങളായ ജീവിതാഡംബര ങ്ങളുമായോ ഒരു ബന്ധവുമില്ല. തീവ്രമായ സുഖഭോഗവിരക്തിയിലാണ് അത് തേജോമയമാകുന്നത്. സ്വാര്‍ത്ഥപരിത്യാഗത്തിലൂടെയാണ് അത് ശക്തിയാര്‍ജ്ജിക്കുന്നത്. ഈശ്വരേച്ഛയെ പൂര്‍ണമായി അനുസരിക്കുകയും സത്യസന്ധത പാലിക്കുകയും ചെയ്യുന്നതിനോട് അത് ഗാഢമായി ബന്ധപ്പെട്ടിരിക്കും. ഈ സംസ്‌കാരം നിങ്ങളില്‍ സുപ്തമായി വര്‍ത്തിക്കുന്നുണ്ട്. അതിനെ ഉണര്‍ത്തണം. നൂറ്റാണ്ടുകളായി നീണ്ടുനിന്ന അവഗണനകൊണ്ട് ഈ സംസ്‌കാരത്തിന്റെ സഹജമായ തേജസ്സ് മങ്ങിക്കഴിയുകയാണ്. നിങ്ങളില്‍ തീക്ഷ്ണമായ അഭിവാഞ്ഛ ആളിക്കത്തുകയും അതിനോടുള്ള 'പൂജ്യഭാവം' പരിപൂരിതമാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ സംസ്‌കാരത്തിന്റെ മഹിമ നിങ്ങള്‍ക്ക് വീക്ഷണ വിധേയമാകയുള്ളൂ. ആത്മോപദേശത്തിന്റെ അതായത് ബ്രഹ്മവിദ്യാ ജിജ്ഞാസുക്കളില്‍ ലീനമായി വര്‍ത്തിക്കുന്ന ആദ്ധ്യാത്മിക സംസ്‌കൃതി പ്രബുദ്ധമാക്കുന്നതിന് ഗുരു സ്വീകരിക്കുന്ന പ്രക്രിയയുടെ മാഹാത്മ്യത്തെ പുരസ്‌കരിച്ച് ഗുരുമാതാവ് ഇന്ദ്രനെ അരുളിചെയ്തു:- ഗുരു ഈശ്വരനാമം നല്‍കുന്നു. ശ്രദ്ധയിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ശിഷ്യന്‍ ഈ നാമജപത്തിലൂടെ ഈശ്വരനെ ഏകാവലാഹുമായി കരുതുന്നു. അപ്പോള്‍ ഈശ്വരനാമത്തിന്റെ വിസ്മയപ്രഭാവം സ്വയം അനാവരണം ചെയ്യാന്‍ ആരംഭിക്കുന്നു. മാധുര്യവും ലഹരിയും ആനന്ദവും ശക്തിയും പരിശുദ്ധിയും പ്രചോദനവും സ്വായത്തമാകുന്നു.         ശ്രീ രമാദേവി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.