കള്ളപ്പണം: നടുക്കുന്ന വെളിപ്പെടുത്തലുകള്‍

Thursday 12 February 2015 10:20 pm IST

ഭാരതത്തിനെതിരെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശബാങ്കുകളില്‍ 10595 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വിവിധ സംഘടനകള്‍, മാഫിയകള്‍, മയക്കുമരുന്നു സംഘങ്ങള്‍ എന്നിവരാണ് ഇത്ര ഭീമമായ തുക രഹസ്യമായി നിക്ഷേപിച്ചിട്ടുള്ളതെന്നാണ് കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഓരോ ഭാരതീയ പൗരനെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ വിവരം വെളിപ്പെട്ടത്. ദാവൂദ് ഇബ്രാഹിമടക്കമുള്ള അധോലോകനേതാക്കള്‍ക്ക് പുറമെ മയക്കുമരുന്ന് വില്‍പന, ആയുധക്കള്ളക്കടത്ത്, വ്യാജകറന്‍സി വിതരണം  എന്നിങ്ങനെ നിരവധി മാര്‍ഗങ്ങളിലൂടെയാണ് ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനത്തിന് പണം സ്വരുക്കൂട്ടിയിട്ടുള്ളത്. ഈ പണം സൂക്ഷിക്കുന്ന ബാങ്കുകളില്‍ സ്വിറ്റ്‌സര്‍ലന്റിലെ എച്ച്എസ്ബിസിയും ഉള്‍പ്പെടുന്നു. നേരത്തെ സൂചിപ്പിച്ച എല്ലാ സ്രോതസ്സുകളില്‍നിന്നുള്ള പണവും ഈ ബാങ്കിലെ രഹസ്യനിക്ഷേപങ്ങളിലുണ്ട്. ഇക്കാര്യം ബാങ്ക് അധികൃതര്‍തന്നെ സമ്മതിച്ചിരിക്കുന്നു. സ്രോതസ്സ് ഏതെന്ന് അന്വേഷിക്കാതെ പണം നിക്ഷേപിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. വിവരങ്ങള്‍ ഒരിക്കലും പുറത്താകില്ലെന്ന വിശ്വാസത്തിലാണ് പല ബാങ്കുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ അവസരം നല്‍കിക്കൊണ്ട് ഇത്തരം രഹസ്യനിക്ഷേപങ്ങള്‍ നടന്നിട്ടുള്ളത്. ഇടനിലക്കാര്‍ വഴി വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ പണം നിക്ഷേപിക്കുന്നത്. രേഖകള്‍ വ്യാജമാണെന്നും പണം നിയമവിരുദ്ധമായ സ്രോതസ്സുകളിലൂടെ വന്നിട്ടുള്ളതാണെന്നും അറിഞ്ഞുകൊണ്ടുതന്നെ ബാങ്ക് അധികൃതര്‍ അത് നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്റിലെ എച്ച്എസ്ബിസി ബാങ്കില്‍ രഹസ്യനിക്ഷേപമുള്ള ഒരുലക്ഷത്തോളം പേരുടെ വിവരങ്ങള്‍ രാജ്യാന്തര പത്രപ്രവര്‍ത്തകസംഘം പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് വിദേശബാങ്കുകളില്‍ ഭീകരരും പണം കുന്നുകൂട്ടിയിട്ടുള്ള വിവരം പുറംലോകമറിയുന്നത്. 2006-2007 കാലയളവില്‍ ബാങ്ക് അക്കൗണ്ടുള്ള 200 രാജ്യങ്ങളിലുള്ളവരുടെ പേരുവിവരങ്ങളാണ് എച്ച്എസ്ബിസി പുറത്തുവിട്ടത്. ഈ പട്ടികയില്‍ ചില കോണ്‍ഗ്രസ് നേതാക്കളടക്കം 1195 പേര്‍ ഭാരതീയരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരിലേറെയും വിദേശങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്. ഇവരുടെ പേരിലുള്ള അക്കൗണ്ടുകളില്‍ 25,420 കോടി രൂപയാണുള്ളതെന്ന് കണക്കാക്കപ്പെടുന്നു. പുതുതായി പുറത്തുവന്ന പട്ടികയിലുള്ള ചിലരുടെ പേരുകള്‍ നേരത്തെ വെളിപ്പെട്ടതുമാണ്. വിദേശബാങ്കുകളിലെ കള്ളപ്പണം സംബന്ധിച്ച് ഇതിനുമുമ്പ് ഉയര്‍ന്ന ആശങ്കകള്‍ ശരിവെക്കുന്നതാണ് ഈ രണ്ട് വെളിപ്പെടുത്തലുകളും. വിദേശബാങ്കുകളിലെ രഹസ്യനിക്ഷേപങ്ങളിലായി കുന്നുകൂട്ടിയിട്ടുള്ള കള്ളപ്പണം വെറും നികുതിവെട്ടിപ്പിലൂടെ സ്വരൂപിച്ചിട്ടുള്ളതല്ലെന്നും നിയമവിരുദ്ധ ആയുധ ഇടപാട്, മനുഷ്യ-മയക്കുമരുന്ന് കള്ളക്കടത്ത്, ഭീകരപ്രവര്‍ത്തനം എന്നിവയിലൂടെയാണ് പല അക്കൗണ്ടുകളിലും പണമെത്തിയിട്ടുള്ളത് എന്ന് ഇതേക്കുറിച്ച് അന്വേഷിച്ച പല ഏജന്‍സികളും വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിനെതിരായ നടപടി നികുതിവെട്ടിപ്പിന്റെ പേരില്‍ മാത്രമായിരിക്കരുതെന്ന ആവശ്യം ശക്തമാണ്. ദൗര്‍ഭാഗ്യമെന്നുപറയട്ടെ ഭാരതീയരായവരുടെ കള്ളപ്പണത്തെക്കുറിച്ച് കാര്യമായ യാതൊരു അന്വേഷണവും 2004-2014 കാലയളവില്‍ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. 2004 ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ബിജെപി നേതാവ് എല്‍.കെ. അദ്വാനിയാണ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കള്ളപ്പണം വീണ്ടെടുക്കുമെന്ന് വാഗ്ദാനം ചെയ്തത്. ഇതിനെ മറികടക്കാന്‍ തങ്ങള്‍ അധികാരത്തിലെത്തിയാലും കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 10 വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും കള്ളപ്പണക്കാരെ രക്ഷിക്കാനുള്ള നടപടികളാണ് യുപിഎ സര്‍ക്കാരിലെ ഒന്നിലധികം ധനമന്ത്രിമാരില്‍നിന്ന് ഉണ്ടായത്. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലും കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.  ഇതനുസരിച്ച് അധികാരം ലഭിച്ച് ദിവസങ്ങള്‍ക്കകം കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസമിതിക്ക് രൂപംനല്‍കി. ഇത്തരമൊരു നിര്‍ദ്ദേശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടും ഒരുവര്‍ഷത്തോളം യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല. ഈ സ്ഥാനത്താണ് അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകം എസ്‌ഐടി രൂപീകരിച്ചുകൊണ്ട് ബിജെപി വാക്കുപാലിച്ചത്. കള്ളപ്പണ നിക്ഷേപമുള്ളതായി കണ്ടെത്തിയ 60 പേര്‍ക്കെതിരെ നിയമനടപടികളെടുക്കുകയും കുറ്റാരോപിതരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങള്‍ ബിജെപി സര്‍ക്കാര്‍ വെളിപ്പെടുത്തുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ ആലോചിക്കുകപോലും ചെയ്യാതിരുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ എച്ച്എസ്ബിസി ബാങ്കിലെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുകയും ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനത്തിന് സഹസ്രകോടികള്‍ രഹസ്യമായി നിക്ഷേപിച്ചിരിക്കുന്ന എന്ന വിവരം വെളിപ്പെടുകയും ചെയ്തിരിക്കെ ബിജെപി സര്‍ക്കാരിന്റെ ഉത്തരവാദിത്തം ഏറിയിരിക്കുകയാണ്. കള്ളപ്പണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ഈ സര്‍ക്കാരില്‍അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്ന വലിയ പ്രതീക്ഷയാണ്  ജനങ്ങള്‍ക്കുള്ളത്.വിദേശബാങ്കുകളില്‍ ഭാരതീയരായവരുടെ കള്ളപ്പണം ചില്ലിക്കാശുപോലുമില്ലാതെ വീണ്ടെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് പുതിയ സംഭവവികാസങ്ങളോടെ കൂടുതല്‍ പ്രസക്തി കൈവന്നിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.