തുളസി ഫൈനലില്‍

Thursday 12 February 2015 11:11 pm IST

കൊച്ചി: ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ കേരളത്തിന്റെ പി.സി. തുളസി ഫൈനലില്‍. വാശിയേറിയ സെമിഫൈനലില്‍ തെലങ്കാനയുടെ ഋത്വിക ശിവാനിയെ തുളസി കീഴടക്കി(18-21, 21-11, 21-10). ആദ്യ ഗെയിം നഷ്ടമായ ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന തുളസി പിന്നീടുള്ള രണ്ട് ഗെയിമുകളും നേടിയാണ് ഫൈനലില്‍ കടന്നത്. കടുത്ത റാക്കറ്റ് യുദ്ധാനന്തരം  ഒന്നാം ഗെയിം ഗോപീചന്ദ് അക്കാഡമി താരമായ ഋത്വിക കൈക്കലാക്കി. എന്നാല്‍ തിരിച്ചടിച്ച തുളസി രണ്ടാം ഗെയിം റാഞ്ചിയെടുത്തു. മത്സര വേദിയായ കടവന്ത്ര രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് കാണികളുടെ ഉറച്ച പിന്തുണയോടെയാണ് തുളസി അവസാന രണ്ട് ഗെയിമുകളും നേടിത്. തുളസിയുടെ അനുഭവസമ്പത്തിനു മുന്നില്‍ താരതമ്യേന പുതുമുഖ താരമായ ഋത്വിക തകര്‍ന്നു വീഴുകയായിരുന്നു. തെലങ്കാനയുടെ തന്നെ ഋതുപര്‍ണ്ണ ദാസാണ് ഫൈനലില്‍ തുളസിയുടെ എതിരാളി. ഋതുപര്‍ണ്ണദാസും ഗോപീചന്ദ് അക്കാഡമി താരമാണ്. വനിതാ വിഭാഗം ടീം ഇനത്തില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ തുളസി ഋതുപര്‍ണ്ണയോട് തോറ്റിരുന്നു. പുരുഷ ഡബിള്‍സിലെ ഓള്‍ കേരള മുഖാമുഖത്തില്‍ അരുണ്‍ വിഷ്ണു- ആല്‍വിന്‍ ഫ്രാന്‍സിസ് ജോടിയെ തോല്‍പ്പിച്ച് സാനാവേ തോമസ്- രൂപേഷ് കുമാര്‍ സഖ്യം ഫൈനലില്‍ കടന്നു. ആദ്യ ഗെയിം 22-20 അരുണ്‍ വിഷ്ണു ആല്‍വിന്‍ ഫ്രാന്‍സിസ് സഖ്യം നേടി. എന്നാല്‍ പിന്നീട് ശക്തമായി മത്സരത്തിലേക്ക്  മടങ്ങിവന്ന സനാവേ തോമസ് രൂപേഷ് കുമാര്‍ സഖ്യം 21-16,  21-19  എന്ന നിലകളില്‍ അടുത്ത രണ്ട് ഗെയിമുകള്‍ സ്വന്തമാക്കി മത്സരം വരുതിയില്‍ നിര്‍ത്തി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ തെലങ്കാനയുടെ സുമീത് റെഢികെ- നന്ദഗോപാല്‍  സഖ്യമാണ് ഇവരുടെ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.