ചിനക്കത്തൂര്‍ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം

Friday 13 February 2015 9:41 am IST

ഒറ്റപ്പാലം: മാര്‍ച്ച് നാലിന് നടക്കുന്ന ചിനക്കത്തൂര്‍ പൂരത്തിന് കൊടിയേറുന്ന 21 മുതല്‍ കാലത്തും വൈകീട്ടും ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും ഹോം ഗാര്‍ഡുകളുടെ സേവനം ഉറപ്പുവരുത്താനും തീരുമാനമായി. ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. വിവിധ ദേശക്കമ്മിറ്റി പ്രതിനിധികള്‍, സെന്‍ട്രല്‍ കമ്മിറ്റി, കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പരിശോധനയ്ക്ക് ആനകളെ നേരത്തെ എത്തിക്കാന്‍ ശ്രമിക്കണമെന്ന് വെറ്ററിനറി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പൂരനാളില്‍ ദേശക്കുതിരകള്‍ പോകുമ്പോള്‍ വഴിയരികില്‍ തടസ്സമായി നില്‍ക്കുന്ന വൈദ്യുതിലൈനുകള്‍ മാറ്റിസ്ഥാപിക്കാനും കത്താത്ത തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും യോഗത്തില്‍ വിവിധ ദേശക്കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതിവകുപ്പിനോടും നഗരസഭയോടും യോഗം നിര്‍ദേശിച്ചു. തടസ്സമായി നില്‍ക്കുന്ന സ്വകാര്യകേബിള്‍ സിഗ്‌നല്‍ വയറുകള്‍ മാറ്റിസ്ഥാപിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. അത് നിരീക്ഷിക്കാന്‍ അതത് സ്ഥലങ്ങളിലെ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി. 16ന് വൈകീട്ട് ഒറ്റപ്പാലം പോലീസിന്റെ അധ്യക്ഷതയില്‍ ദേശക്കമ്മിറ്റികളുടെ യോഗവും തുടര്‍ന്ന് 25ന് വിവിധ കുതിരക്കമ്മിറ്റികളുടെയും തേര്, തട്ടിന്മേല്‍ക്കൂത്ത് കമ്മിറ്റികളുടെ യോഗം കൂടാനും നിര്‍ദേശം നല്‍കി. കൂടാതെ 25ന് മുന്‍പായി പൂരത്തിന് പോകാനുള്ള സ്‌പെഷ്യല്‍ കമ്മിറ്റികള്‍ ഒറ്റപ്പാലം പോലീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 25ന് ശേഷം ഇവരുടെ യോഗം കൂടണമെന്നും തീരുമാനിച്ചു. അവസാനഘട്ട അവലോകനത്തിനായി 28ന് വൈകീട്ട് നാലിന് സബ് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. വെടിക്കെട്ട് റവന്യുവകുപ്പ് നിര്‍ദേശിക്കുന്ന സ്ഥലത്ത് മാത്രമേ നടത്താവൂ. പൂരനാളിലെ വെടിക്കെട്ട് തൊഴിലാളികളുടെ കൃത്യമായ വിവരം ലഭ്യമാക്കാന്‍ ദേശക്കമ്മിറ്റികള്‍ ശ്രദ്ധിക്കണം. പൂരത്തിന് നഗരസഭയൊരുക്കുന്ന ശൗചാലയസൗകര്യങ്ങള്‍ പരാജയമാണെന്ന കുറ്റപ്പെടുത്തല്‍ ദേശക്കമ്മിറ്റികളുടെ ഭാഗത്തുനിന്നുണ്ടായി. തുക കണ്ടത്തുന്ന മുറയ്ക്ക് അത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് നഗരസഭ ആരോഗ്യവിഭാഗം യോഗത്തില്‍ അറിയിച്ചു. പൂരനാളില്‍ കുടിവെള്ളം ലഭ്യമാക്കാനും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ മുഴുവന്‍ നേരം വെള്ളം ലഭ്യമാക്കാനും  വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.പൂരം നിരീക്ഷിക്കാന്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.