ലോകകപ്പ് ടീമുകള്‍ക്ക് പ്രധാനമന്ത്രിയുടെ വിജയാശംസകള്‍

Friday 13 February 2015 12:48 pm IST

ന്യൂദല്‍ഹി:  ഓസ്‌ട്രേലിയയില്‍ നാളെ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ടീമുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയാശംസ. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള രാഷ്ട്രത്തലവന്‍മാരെ ഫോണില്‍ വിളിച്ചാണ് മോദി ആശംസ നേര്‍ന്നതായി ഇന്ന് രാവിലെ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.അഞ്ച് സാര്‍ക്ക് രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. നവാസ് ഷെരീഫിനെ കൂടാതെ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരെയാണ് മോദി ഫോണില്‍ വിളിച്ചത്. ക്രിക്കറ്റ് സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതാണെന്നും വിജയം കൊണ്ടുവരാന്‍ മേഖലയിലെ ടീമുകള്‍ക്ക് സാധിക്കുമെന്നു കരുതുന്നതായും മോദി പറഞ്ഞു. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ നവാസ് ഷെരീഫുമായി സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദി ഷെരീഫുമായി സംസാരിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും മോദി ആശംസകള്‍ നേര്‍ന്നു. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം അഡ്‌ലെയ്ഡില്‍ ഞായറാഴ്ച നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.