പാക് പള്ളിയില്‍ ഭീകരാക്രമണം: 18 മരണം

Friday 13 February 2015 4:40 pm IST

പെഷ‌വാര്‍ : പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തില്‍ പതിനെട്ട് പേര്‍ മരിച്ചു. 61  പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ഹയാതാബാദ് ജില്ലയിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇരച്ചു കയറിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഷിയാ വിശ്വാസികളാണ് മരിച്ചവരില്‍ ഏറെയും. വെടിശബ്ദം കേട്ട് വിശ്വാസികള്‍ ചിതറിയോടി. തുടര്‍ന്ന് പള്ളിക്ക് പുറത്ത് ഭീകരര്‍ സ്‌ഫോടനവും നടത്തി. പോലീസും സുരക്ഷാസേനയും പള്ളി വളഞ്ഞു. ഭീകരരെ തുരത്താനുള്ള ശ്രമങ്ങള്‍ സൈന്യം നടത്തി വരികയാണ്. പരിക്കേറ്റവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ പെഷവാറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങല്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഷിയാ-സുന്നി സംഘര്‍ഷത്തിന് പേരു കേട്ട രാജ്യമാണ് പാക്കിസ്ഥാന്‍. നിരോധിത ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സുന്നി ഭീകരര്‍ ഷിയാ വിശ്വാസികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് നിത്യസംഭവമാണ്. രണ്ടാഴ്ച മുന്പ് സിന്ധ് പ്രവിശ്യയിലെ ഷികാര്‍പൂരിലെ ഷിയാ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.