ജയില്‍ദിനാഘോഷം ശ്രദ്ധേയമായി

Friday 13 February 2015 10:35 pm IST

ജയില്‍ ദിനാഘോഷങ്ങള്‍ ഐഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ആടിയും പാടിയും കളിയും ചിരിയുമായി ജയില്‍ ദിനാഘോഷം. ഏകാന്തയില്‍ വീര്‍പ്പുമുട്ടിയിരുന്ന തടവുകാര്‍ക്ക് ആടാനും, പാടാനും, കസേരകളിക്കാനും, ഉല്ലസിക്കാനുമുളള വേദിയായി മാറി ജയില്‍ വകുപ്പ് സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷം. കൊട്ടാരക്കര സബ് ജയിലില്‍ ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ രണ്ട് ദിനം മുമ്പെ തുടങ്ങി.

കസേരകളി, മിഠായിപെറുക്കല്‍, സുന്ദരിക്ക് പൊട്ട് തൊടീല്‍, ചെസ്, ക്യാരംസ്, നാടന്‍പാട്ട്, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങി എല്ലാ മത്സരങ്ങളിലും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തടവുകാര്‍ എല്ലാം ആവേശപൂര്‍വം പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ഇഷ്ടം പോലെ സമ്മാനങ്ങളും ഇന്നലെ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ജയില്‍ അന്തരീക്ഷത്തില്‍ നിന്നും പുറത്തെത്തിയ പ്രതീതിയായിരുന്ന പലര്‍ക്കും. തടവുകാരുടെ പ്രകടനത്തില്‍ മാത്രം ഒതുക്കാതെ പ്രൊഫഷണല്‍ സംഘത്തെ വരുത്തി ഗാനമേള, കഥാപ്രസംഗം, നാടന്‍പാട്ട് എന്നിവ കൂടിയായപ്പോള്‍ എന്നും ജയില്‍ ക്ഷേമദിനാഘോഷങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നായിരുന്നു തടവുകാരില്‍ പലരുടെയും പ്രതികരണം.

ഇന്നലെ രാവിലെ 10ന് ആരംഭിച്ച ക്ഷേമദിനാഘോഷങ്ങള്‍ അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്തു. തടവുകാരെല്ലാം കുറ്റവാളികളല്ലെന്നും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സമൂഹത്തിന്റ കൂടി ഉത്തരവാദിത്വമാണെന്നും എംഎല്‍എ പറഞ്ഞു. കുടുബ ജീവിതത്തില്‍ നിന്ന് തീര്‍ത്തു ഒറ്റപെട്ടു പോകുന്ന അവര്‍ക്ക് മനസിന് സന്തോഷം ലഭിക്കുവാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നല്ലതാണ്. ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ജയിലില്‍ നിന്ന് തടവുകാരെ കുറ്റവാളികളാക്കി തിരിച്ചുവിടുന്നുവെന്ന പ്രചരണം ശരിയല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജയില്‍വകുപ്പ് ദക്ഷിണമേഖലാ ഡിഐജി ബി.പ്രദീപ് പറഞ്ഞു.

സഞ്ചാരസ്വാതന്ത്ര്യം മാത്രമെ ഇവിടെ നിഷേധിക്കപ്പെടുന്നുള്ളു. തെറ്റുകാരനല്ലെന്ന് കോടതിക്ക് ബോധ്യമായാല്‍ ഉടന്‍ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുന്നു. തടവുകാരില്‍ ആത്മവിശ്വാസവും തൊഴിലോനോടുള്ള ആഭിമുഖ്യവും വളര്‍ത്താന്‍ ജയില്‍വകുപ്പ് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പിടിക്കപെട്ടാല്‍ മാത്രമെ ഒരുവന്‍ കുറ്റവാളിയാവുന്നു പിടിക്കപെടാത്തവന്‍ മാന്യനായി സമൂഹത്തില്‍ നടക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് ഷൈലസലീംലാല്‍, സബ് ജയില്‍ സൂപ്രണ്ട് എസ്.അനിലകുമാര്‍. ഡെബിംഗ് ആര്‍ട്ടിസ്റ്റ് അമ്പൂട്ടി, സീരിയല്‍ താരം മനോജ് പിള്ള, ജനപ്രതിനിധികളായ പാത്തലരാഘവന്‍, ആര്‍.ഗിരിജകുമാരി, വെല്‍ഫയര്‍ ഓഫിസര്‍, കെ.ഇ.ഷാനവാസ്, ജില്ലാജയില്‍ സൂപ്രണ്ട് എ.എ.ഹമീദ്, എ.സ്റ്റാലിന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.