ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Friday 13 February 2015 10:56 pm IST

അടിമാലി : ഒരു കുടുംബത്തിലെ മൂന്ന് പേരെ ലോഡ്ജില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അടിമാലി രാജധാനി ലോഡ്ജില്‍ താമസിച്ചിരുന്ന പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (70) ഭാര്യ ഐഷ (55) ഐഷയുടെ അമ്മ മണലിക്കുടി നാച്ചിമൈതീന്‍ (85) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞുമുഹമ്മദും കുടുംബവും മൂന്ന് പതിറ്റാണ്ടായി അടിമാലിയില്‍ രാജധാനിയെന്ന പേരില്‍ ലോഡ്ജ് നടത്തിവരികയായിരുന്നു. സ്വന്തം ലോഡ്ജിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ കുഞ്ഞുമുഹമ്മദിന്റെ പേരക്കുട്ടി മാഹിന്‍ ലോഡ്ജിലെത്തി. ഇയാളാണ് നാച്ചിമൈതീനെയും ഐഷയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിലെ ഹാളിലും റിസപ്ഷന് സമീപവുമാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഭയന്ന് വിറച്ച മാഹിന്‍ ബന്ധുക്കളെയും അടിമാലി സി.ഐ സജിമാര്‍ക്കോസിനെയും വിവരം അറിയിച്ചു. ആറരയോടെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഐഷയെയും  നാച്ചിമൈതീനെയും കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞുമുഹമ്മദ് രക്ഷപ്പെട്ടതാണെന്ന് പോലീസ് ആദ്യം സംശയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നാം നിലയിലെ അടച്ചിട്ട മുറിയില്‍ കൈകള്‍ കെട്ടിയ നിലയില്‍ കുഞ്ഞുമുഹമ്മദ് മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം കാണപ്പെട്ടത്. തലയ്ക്കും നെറ്റിയിലും മുറിവുണ്ടായിരുന്നു. നാച്ചിമൈതീന്റെ രണ്ട് ചെവികള്‍ മുറിച്ച് മാറ്റിയ നിലയിലായിരുന്നു. ഒരു ചെവി കുഞ്ഞുമുഹമ്മദ് മരിച്ച് കിടന്നിടത്തുനിന്ന് പോലീസ് കണ്ടെത്തി. രണ്ട് സ്ത്രീകളുടെയും ശരീരത്തുണ്ടായിരുന്ന 30 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് മണംപിടിച്ച് ലോഡ്ജിന് സമീപത്തെ വെള്ളക്കെട്ട് വരെ ഓടി. ലോഡ്ജിലെ രജിസ്റ്ററിന്റെ പതിനൊന്നോളം പേജുകള്‍ കീറിമാറ്റിയ നിലയിലായിരുന്നു. മൂന്ന് മൃതദേഹങ്ങളും കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി രാത്രി വൈകി ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇടുക്കി എസ്.പി അലക്‌സ് എം വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.