വനിതാ വോളിയില്‍ കേരളം

Friday 13 February 2015 11:10 pm IST

കോഴിക്കോട്: ദേശീയ ഗെയിംസ് വോളിബോളില്‍  കേരള വനിതകളുടെ വിജയാരവം. പുരുഷ വിഭാഗത്തില്‍ തമിഴ്‌നാട് സ്വര്‍ണ്ണം ഉപ്പിച്ചു. ഇന്നലെ കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ കര്‍ണ്ണാടകയെ പരാജയപ്പെടുത്തിയാണ് കേരള വനിതകള്‍ സ്വര്‍ണമണിഞ്ഞത്. കേരള പുരുഷ ടീമിനെ പിന്തള്ളി തമിഴ്‌നാടും ജേതാക്കളായി. മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ കേരളം ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കര്‍ണ്ണാടകത്തെ പരാജയപ്പെടുത്തിയത്, സ്‌കോര്‍: 25-19, 23-25, 26-24, 25-12). പുരുഷവിഭാഗത്തില്‍ തമിഴ്‌നാടിന്റെ ജയവും ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു, സ്‌കോര്‍: 26-24, 20-25, 23-25, 12-25). ഇന്നലെ വൈകിട്ട് മൂന്നിനാണ് വനിതാ വിഭാഗം ഫൈനല്‍  ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്തിയ കേരള വനിതകള്‍ ആദ്യ സെറ്റ് പിടിച്ചെടുത്തു.  എന്നാല്‍ രണ്ടാം സെറ്റ് ആരംഭം മുതല്‍ ഒടുക്കം വരെ മുന്നിട്ടുനിന്ന കര്‍ണ്ണാടകയുടെപോക്കറ്റിലെത്തി. ആധിപത്യത്തിന് പരിശ്രമിച്ച കര്‍ണ്ണാടകയോട് പൊരുതിയാണ് കേരളം മൂന്നാം സെറ്റ് നേടിയത്. നാലാംസെറ്റില്‍ കേരള താരങ്ങള്‍ മികവിന്റെ പാരമ്യതയിലെത്തിയപ്പോള്‍  കര്‍ണ്ണാടക  മുട്ടുകുത്തി.  കേരളത്തിന് വേണ്ടി എം.എസ്. പൂര്‍ണ്ണിമ, എസ്. രേഖ, വി. സൗമ്യ, പി.വി. ഷീബ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പുരുഷ വിഭാഗം ഫൈനലില്‍ കേരളം തമിഴ്‌നാടിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. ആദ്യസെറ്റ് നേടാനായെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ കൈവിട്ടതോടെ കേരള താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. പല സമയങ്ങളിലും കേരളം സ്‌കോറിങ്ങില്‍ ഒപ്പം നിന്നെങ്കിലും നിര്‍ണായക പോയിന്റുകളിലൂടെ തമിഴ്‌നാട് സ്വര്‍ണം കടത്തിക്കൊണ്ടുപോയി. കേരളത്തിന് വേണ്ടി ടോം ജോസഫ്, ടി. അസീസ്, ജെറോ വിനിത്ത്, കപില്‍ ദേവ് തുടങ്ങിയവര്‍ മിന്നുന്ന കളി പുറത്തെടുത്തു. പുരുഷ വിഭാഗത്തില്‍ സര്‍വ്വീസസ്സിനെ പരാജയപ്പെടുത്തി രാജസ്ഥാനും (25-21, 25-22, 20-25, 25-19) വനിതാവിഭാഗത്തില്‍ ഉത്തര്‍പ്രദേശിനെ പരാജയപ്പെടുത്തി തമിഴ്‌നാടും വെങ്കലം നേടി (25-20, 25-17, 25-15).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.