പതിവ് തെറ്റിച്ച യാത്ര അമന് വിനയായി

Saturday 14 February 2015 9:47 am IST

തൃശൂര്‍: പതിവ് തെറ്റിച്ചുള്ള യാത്ര അമന് അന്ത്യയാത്രയായി. അമലിനെയും കൂട്ടി അമ്മ ശര്‍മിള നാട്ടിലേക്ക് വരുമ്പോഴാണ് ഇന്നലെ ഹൊസൂരിലെ തീവണ്ടി അപകടത്തില്‍  മരണം മകനെ തട്ടിയെടുത്തത്. ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഗുരുവായൂര്‍ കണ്ടാണശ്ശേരി പുല്ലാടത്ത് മോഹന്റെ മകനാണ്  അമന്‍ (ഒന്‍പത്). അപകടത്തില്‍ കാലിനു പരുക്കേറ്റ  മോഹന്റെ ഭാര്യ ശര്‍മിള അപകട നില തരണം ചെയ്തു. മധ്യവേനലവധിക്കാലത്താണ് ശര്‍മ്മിളയും ഭര്‍ത്താവ് മോഹനനും കുട്ടികളും കൂടി പൂവത്തൂരിലെ എടത്തറ വീട്ടില്‍ വന്നുപോയത്. അമന് മഞ്ഞപ്പിത്ത ചികിത്സയ്ക്ക് തൃശൂര്‍ അടാട്ടുളള വൈദ്യനില്‍ നിന്ന് ഒറ്റമൂലി മരുന്ന് വാങ്ങാനായിരുന്നു ശര്‍മ്മിള മകനുമൊത്ത് പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചത്. ട്രെയിനില്‍ ഡി-8 കോച്ചിലായിരുന്നു യാത്ര. രാവിലെ ഏഴരയോടെ ചാനലിലൂടെയാണ് വീട്ടുകാര്‍ അപകട വാര്‍ത്തയറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പൂവത്തൂരിലെ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് തിരിച്ചു. അമന്റെ  മൃതദേഹം ബംഗളൂരുവില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കര്‍ണാടകയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ പാചകക്കാരനാണ് മോഹനന്‍. വര്‍ഷങ്ങളായി ബംഗളുരുവിലാണ് താമസം. മോഹനന്റെ അച്ഛനും പാചകക്കാരനായിരുന്നു. സുല്‍ത്താന്‍പാണ്ട എം.എസ്. കോണ്‍വെന്റിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമന്‍. അനു ഏക സഹോദരിയാണ്.  അമന്റെ മരണ വിവരമറിഞ്ഞ് പത്തുമണിയോടെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ പൂവത്തൂരിലെ വീട്ടിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.